Fri. Nov 22nd, 2024

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെന്ന പോലെ യുഡിഎഫിനെതിരെ മുസ്ലിം ലീഗിനെ കേന്ദ്രീകരിച്ചുള്ള ആക്രമണ തന്ത്രമാണ് എൽഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിലും സ്വീകരിക്കാൻ പോകുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചത് മത മൗലികവാദ കൂട്ടുകെട്ട് വിപുലീകരിക്കാനാണ് എന്ന എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിംസ് സെക്രട്ടറിയുമായ എ വിജയരാഘവന്‍റെ ആരോപണം ഇത് വ്യക്തമാക്കുന്നുണ്ട്.

ബിജെപിയും സമാനമായ ആരോപണങ്ങളാണ് യുഡിഎഫിനെതിരെ ഉന്നയിക്കുന്നത്. പാണക്കാട്ടെ ആജ്ഞയാണ് കോൺഗ്രസ് ശിരസാവഹിക്കുന്നത് എന്നായിരുന്നു ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ വിമര്‍ശനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ ബലിയാടായ കറിവേപ്പിലയാണെന്നും സുരേന്ദ്രൻ പറയുന്നു.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്‍എസ്എസ് നേതാവായ ജി സുകുമാരൻ നായർ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ക്രൈസ്തവ സഭാ അധ്യക്ഷന്മാർ തുടങ്ങിയവരെയും സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാതെ പാണക്കാട് സന്ദര്‍ശനം മാത്രം ചര്‍ച്ചയാക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ബന്ധിപ്പിച്ച് നടത്തിയ പ്രചാരണം ഗുണം ചെയ്തുവെന്നാണ് എല്‍ഡിഎഫിന്‍റെയും സിപിഎമ്മിന്‍റെയും വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം ആവര്‍ത്തിക്കാനാണ് അവരുടെ ശ്രമം.

എന്നാല്‍ താത്ക്കാലിക നേട്ടത്തിനപ്പുറം ഇത്തരം പ്രചാരണങ്ങള്‍ കേരളീയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ധ്രുവീകരണം പരിഗണിക്കപ്പെടാറില്ല. കേരളത്തെ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന പിന്നീട് ഏറ്റെടുത്തത് ബിജെപിയും സംഘ പരിവാര്‍ സംഘടനകളുമായിരുന്നു. മലപ്പുറത്ത് കുട്ടികള്‍ കോപ്പിയടിച്ചാണ് ഒന്നാം സ്ഥാനത്തെത്തുന്നതെന്ന വിഎസിന്‍റെ പരാമര്‍ശവും സംഘ പരിവാര്‍ പ്രചാരണ ആയുധമാക്കി.

പല ഘട്ടങ്ങളിലും ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിരുന്ന മുസ്ലിം ലീഗിനെതിരെ മത മൗലികവാദവും തീവ്രവാദ ബന്ധവും ആരോപിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്യാന്‍ പോകുന്നത് സംഘ പരിവാര്‍ സംഘടനകള്‍ക്കാണ്. ലൗ ജിഹാദ്, ഹലാല്‍ ഭക്ഷണം, ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലിങ്ങള്‍ തട്ടിയെടുക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സമൂഹത്തില്‍ വലിയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്.

കേരളത്തില്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് പ്രചാരണ ആയുധങ്ങള്‍ നല്‍കുകയാണ് മുസ്ലിം ലീഗിനെതിരായ എല്‍ഡിഎഫിന്‍റെ പ്രചാരണങ്ങള്‍. തെരഞ്ഞെടുപ്പ് നേട്ടത്തിനപ്പുറം ഈ പ്രചാരണം കേരളീയ സമൂഹത്തിൽ ഉണ്ടാക്കുന്ന ധ്രുവീകരണത്തെക്കുറിച്ച് DNA ചർച്ച ചെയ്യുന്നു.