Sat. Apr 27th, 2024
ന്യൂദല്‍ഹി:

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഖാസിപ്പൂരില്‍ കര്‍ഷകരെ ഒഴിപ്പിക്കാന്‍ പൊലീസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ വടികളും ആയുധങ്ങളുമുപയോഗിച്ച് കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ശ്രമങ്ങളുണ്ടായിരുന്നു. ഇന്ന് ഖാസിപൂരിലേയും സിംഗു അതിര്‍ത്തിയിലേയും കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നു. ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ജനാധിപത്യത്തിന്റെ തികഞ്ഞ ലംഘനമാണിത്.ഈ സമരത്തില്‍ കര്‍ഷകരോടൊപ്പമായിരിക്കും കോണ്‍ഗ്രസ് അണിചേരുക. രാജ്യത്തിന്റെ പൊതുസ്വത്താണ് കര്‍ഷകര്‍. അവര്‍ക്കെതിരെ നില്‍ക്കുന്നവര്‍ വഞ്ചകരാണ് പ്രിയങ്ക ട്വിറ്ററിലെഴുതി.

സമാനമായ അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. താന്‍ കര്‍ഷകരോടൊപ്പമാണെന്നും ജനാധിപത്യമാണ് അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയമെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

By Divya