Wed. Jan 22nd, 2025

ധന മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. തോമസ് ഐസക് നേരത്തെ പറഞ്ഞത് പോലെ അടുത്ത അഞ്ച് വർഷത്തെ ഭരണം കൂടി ലക്ഷ്യമാക്കിയാണ് ബജറ്റ്.

ക്ഷേമ പെൻഷനുകള്‍ 100 രൂപ വർധിപ്പിച്ച്1600 രൂപയാക്കി ഉയർത്തിയതും ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടരുമെന്ന പ്രഖ്യാപനവും ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ആയമാർ ഇവർക്കെല്ലാം ഓണറേറിയം വര്‍ധിപ്പിച്ചതും ജനപ്രിയ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു. റബറിന്‍റെ താങ്ങുവില 170 രൂപയായും നെല്ല് 28 രൂപയായും നാളികേരം 32 രൂപയായും വര്‍ധിപ്പിച്ചു. ലൈഫ് മിഷനിൽ 1.5 ലക്ഷം വിട്ടുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനവും അടിത്തട്ടിലെ ജനവിഭാഗങ്ങളെ സ്വാധീനിക്കുന്ന ജനപ്രിയ വാഗ്ദാനങ്ങളാണ്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയിൽ പദ്ധതിയായ കെ റെയിലിന് ഭൂമി ഏറ്റെടുക്കാന്‍ തുക നീക്കിവെച്ചതും മൂന്നാറിലേക്ക് ടാറ്റയുമായി ചേർന്ന് ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന വാഗ്ദാനവും മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതും വ്യവസായ ഇടനാഴികളും വന്‍കിട ഹൈടെക് പദ്ധതി പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു.

കേരളം ഒരു വൈജ്ഞാനിക സമ്പദ്ഘടന എന്ന സങ്കൽപ്പമാണ് ധനമന്ത്രിയുടേത്. അതിന്‍റെ അടിസ്ഥാനത്തിലാണ് 5 വർഷം കൊണ്ട് 20 ലക്ഷം ഡിജിറ്റൽ തൊഴിലവസരങ്ങൾ, ഐ ടി പാർക്കുകൾക്ക് പുറമെ വർക്ക് നിയർ ഹോം പദ്ധതി, കെ ഡിസ്ക്, 50 ലക്ഷം പേർക്ക് നൈപുണി പരിശീലനം, 2500 സ്റ്റാർട്ടപ്പുകളിൽ 20000 പേർക്ക് തൊഴിൽ, കെ ഫോണ്‍ വഴി എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ്, ലാപ് ടോപ് തുടങ്ങിയ പ്രഖാപനങ്ങള്‍ മുന്നോട്ടുവെച്ചത്.

എന്നാൽ കേരളം നേരിടുന്ന ഗുരുതര പ്രതിസന്ധികളെ മറികടക്കാൻ എന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ ഈ ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ടോ? സാമ്പത്തിക അവലോകന റിപ്പോർട്ട് കേരളത്തിൻ്റെ തകർച്ചയെ കുറിച്ചാണ് പറയുന്നത്. കേരളത്തിൻ്റെ ആഭ്യന്തര വളർച്ച നിരക്ക് 6.49 ശതമാനത്തിൽ നിന്ന് 3.45 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷി, വ്യവസായം, സേവന മേഖല, കന്നുകാലി, മത്സൃ സമ്പത്ത്, വ്യാപാരം, ഹോട്ടൽ, നിർമ്മാണ രംഗം, ഗതാഗതം, റിയൽ എസ്റ്റേറ്റ്, മാധ്യമരംഗം എല്ലാ മേഖലകളിലും വളർച്ച കുറഞ്ഞു. സര്‍ക്കാര്‍ നേരിടുന്ന റവന്യു വരുമാന കുറവിനും ബജറ്റില്‍ പരിഹാര നിര്‍ദ്ദേശങ്ങളില്ല.

അഞ്ച് വര്‍ഷത്തെ തുടര്‍ഭരണം ലക്ഷ്യമാക്കുന്ന ബജറ്റ് നടപ്പാകണമെങ്കില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണം. എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഈ ബജറ്റിലുള്ളത്. അടുത്ത തെരഞ്ഞെടുപ്പിലെ ജനവിധിയാണ് അത് തീരുമാനിക്കേണ്ടത്.

തോമസ് ഐസക്കിൻ്റെ ഹൈടെക് ബജറ്റ് പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമോ? DNA ചർച്ച ചെയ്യുന്നു.