Wed. Jan 22nd, 2025

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ  സമിതി നിയമങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതുവരെ അവ നടപ്പാക്കുന്നത് മരവിപ്പിക്കാനാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനേറ്റ തിരിച്ചടിയും സമരത്തിന് ലഭിച്ച താല്‍ക്കാലിക വിജയവുമാണ് കോടതി വിധി.

ഒന്നര മാസത്തിലേറെയായി ഡെൽഹിയിലെ കൊടും തണുപ്പിലും മഴയിലും മരവിക്കാതെ തുടരുന്ന കർഷക സമരങ്ങൾ സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് കൊണ്ട് മരവിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇല്ല എന്നാണ് സമരം ചെയ്യുന്ന കർഷകർ നൽകുന്ന മറുപടി. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സമരം തുടരുമെന്നാണ് കർഷകർ ഉറപ്പിച്ച് പറയുന്നത്.

സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന സമിതിയുമായി സഹകരിക്കില്ല എന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുന്നതിനാൽ സമിതിക്ക് പ്രസക്തിയില്ല എന്നാണ് അവരുടെ നിലപാട്. സമിതിയിലെ അംഗങ്ങളായ നാല് പേരും കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ് എന്ന വിമര്‍ശനവും കര്‍ഷക സംഘടനകള്‍ക്കുണ്ട്. ഡോ. അശോക് ഗുലാത്തിയും ഡോ. പി കെ ജോഷിയും നിയമങ്ങളെ അനുകൂലിച്ച് ലേഖനങ്ങള്‍ എഴുതിയവരാണ്. കര്‍ഷക നേതാക്കളായ ഭൂപീന്ദര്‍ സിംഗ് മാനും അനില്‍ ഘന്‍വതും നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്.

സമരം തുടരാനുള്ള കര്‍ഷക സംഘടനകളുടെ നിലപാട് മോദി സര്‍ക്കാരിനെ എങ്ങനെ ബാധിക്കും? DNA വിശകലനം ചെയ്യുന്നു.