Wed. Jan 22nd, 2025

തലസ്ഥാന നഗരമായ ഡെല്‍ഹിയിലെ കർഷക സമരം 40 ദിവസം പിന്നിടുമ്പോഴും ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ചർച്ച ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെയാണ് ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.

നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. ജനുവരി 8 ന് നടക്കുന്ന എട്ടാം വട്ട ചർച്ചയും ഫലം കാണുമോ എന്ന് സംശയമാണ്. ചർച്ചകൾ നീട്ടിക്കൊണ്ടുപോയി സമരത്തെ നിർവീര്യമാക്കാനാണ് സര്‍ക്കാരിന്‍റെ നീക്കമെന്ന് കരുതേണ്ടി വരുന്നു. കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ പൗരത്വ ഭേദഗതി നിയമത്തിനും ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനും എതിരായ സമരങ്ങൾ തിരിച്ചവരുമെന്ന് കേന്ദ്രത്തിന് ആശങ്കയുണ്ട്. ഈ നിയമങ്ങള്‍ പിൻവലിക്കാൻ സമ്മർദ്ദം ശക്തിപ്പെടും.

അതിനിടെ കരാർ കൃഷി ചെയ്യാൻ ഉദ്ദേശമില്ലെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ റിലയൻസ് ഇൻഡസ്ട്രീസ് സത്യവാങ്മൂലം നൽകി.
കോർപറേറ്റ് കൃഷിക്കോ കരാർ കൃഷിക്കോ വേണ്ടി ഇതുവരെ ഭൂമി വാങ്ങിയിട്ടില്ല എന്നാണ് റിലയൻസ് പറയുന്നത്. താങ്ങുവില കൊടുക്കാതെ കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങില്ല എന്നും അവര്‍ ഉറപ്പുനല്‍കുന്നു.

പ്രക്ഷോഭത്തിൻ്റെ മറവില്‍ പഞ്ചാബിൽ 1500 ടവറുകൾ തകർത്തതായി റിലയന്‍സ് ആരോപിക്കുന്നു.  ബിസിനസിലെ എതിരാളികളും നിക്ഷിപ്ത താൽപര്യക്കാരുമാണ് അക്രമത്തിന് പിന്നിലെന്നാണ് റിലയന്‍സിന്‍റെ ആരോപണം.

എന്നാല്‍ കൃഷിഭൂമി ഏറ്റെടുക്കുന്നില്ലെന്നും കരാർ കൃഷിക്കില്ലെന്നുമുള്ള റിലയൻസ് വാദം കള്ളമാണെന്ന് കർഷക സംഘടനകൾ പറയുന്നു. റിലയന്‍സ് പറയുന്നത് ആത്മാര്‍ത്ഥമെങ്കില്‍ മഹാരാഷ്ട്രയിലെ റായ്ഗഢിലും മറ്റും വാങ്ങിക്കൂട്ടിയ ഭൂമി റിലയൻസ് തിരികെ നൽകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു

കരാർ കൃഷിക്കില്ലെന്നും ഭൂമി വാങ്ങിയിട്ടില്ലെന്നും അദാനി ഗ്രൂപ്പ് പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. എഫ് സി ഐക്ക് വേണ്ടിയുള്ള സംഭരണവും ട്രാൻസ്പോർട്ടേഷനും മാത്രമാണ് തങ്ങളുടെ ചുമതലയെന്ന് അവര്‍ അവകാശപ്പെടുന്നു.

സമരത്തിൻ്റെ തീവ്രമായ ഗതി മാറ്റം നരേന്ദ്ര മോദി സർക്കാരിനെ മാത്രമല്ല,  അംബാനി – അദാനി കോർപറേറ്റുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ വിഷയമാണ് DNA ഇന്ന് ചർച്ച ചെയ്യുന്നത്.