Mon. Dec 23rd, 2024
ആലുവക്കടുത്ത് കുറുമശേരിയിൽ മോഡി ബേക്കേഴ്സ് എന്ന സ്വകാര്യ സ്ഥാപനം
വെച്ച ഹലാൽ ഭക്ഷണം ലഭിക്കും എന്ന ബോർഡ് ഹിന്ദു ഐക്യവേദി പ്രവർത്തകർ നിർബന്ധിച്ച് നീക്കം ചെയ്തു. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ബോര്‍ഡ് നീക്കിയില്ലെങ്കില്‍ ബേക്കറി ബഹിഷ്കരിക്കുകയും പ്രക്ഷോഭണം നടത്തുമെന്നും ആയിരുന്നു മുന്നറിയിപ്പ്.
ഉടമയുടെ പരാതിയെ തുടര്‍ന്ന് നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ ചെങ്ങമനാട് പൊലീസ് കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മത സ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് കേസെടുത്തത് എന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്.
എന്നാല്‍ കുറുമശേരിയില്‍ നടന്നത് നാലോ അഞ്ചോ ഹിന്ദു ഐക്യവേദിക്കാരുടെ ഇടപെടല്‍ മാത്രമല്ല. ഹലാലിന്‍റെ പേരില്‍ ഇസ്ലാമോഫോബിയ പരത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ ഇന്ത്യയില്‍ മത സ്പര്‍ധ സൃഷ്ടിക്കാനും ഹിന്ദു ഏകീകരണം എന്ന രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയും സമാനമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമി ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ഹലാല്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
ഇന്‍റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍  എന്ന സംഘടനയുടെ പേരില്‍ ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവര്‍ ഹലാല്‍ മാംസം വാങ്ങരുത് എന്ന പ്രചാരണം നടത്തിയിരുന്നു. ഇത്തരത്തില്‍ കേരളീയ സമൂഹത്തില്‍ മത സ്പര്‍ധയും വര്‍ഗീയ ധ്രുവീകരണവും നടത്താനുള്ള ആസൂത്രിതമായ നീക്കത്തിന്‍റെ തുടര്‍ച്ചയാണ് കുറുമശേരിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്.
സംഘ പരിവാർ നടത്തുന്ന ഹലാൽ വിരുദ്ധ കാംപയിൻ്റെ ഗൂഢലക്ഷ്യം വർഗീയ ധ്രുവീകരണമാണോ? DNA അന്വേഷിക്കുന്നു.