Wed. Jan 22nd, 2025
France Protest Spread over proposed security law (Picture Credits: CNN)

പാരിസ്:

കിരാത നിയമം കൊണ്ടുവരാനുള്ള പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണിന്‍റെ നീക്കത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം അലയടിക്കുന്നു. പുതിയ സുരക്ഷാ നിയമം കൊണ്ടുവരുന്നതിനെതിരെ പതിനായിരങ്ങള്‍ ആണ്  ഫ്രാന്‍സിന്‍റെ തെരുവോരങ്ങളില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നത്. അര ലക്ഷത്തോളം ആളുകൾ പ​​ങ്കെടുത്ത പ്രകടനമാണ്​ പാരിസിൽ മാത്രം നടന്നത്​. പൊലീസും പ്രതിഷേധക്കാരും തെരുവോരങ്ങളില്‍ ശക്തമായി ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി. പൗരന്മാരെ അടിച്ചമര്‍ത്തി പൊലീസിന് സൂപ്പര്‍ പവര്‍ നല്‍കുന്ന കരിനിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തന്നെയാണ് ഫ്രാന്‍സ് ജനതയുടെ തീരുമാനം.

മാക്രോണിന്‍റെ പൊലീസ്​ സ്​റ്റേറ്റിനെതിരെ എന്ന പ്ലക്കാഡുകളുമായാണ്​ തെരുവിൽ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നത്​. എന്നാല്‍ ഫ്രാന്‍സ് ഭരകൂടം പൗരന്മാരുടെ പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമര്‍ത്തുകയാണ്. പൊലീസ് വളരെ മൃഗീയമായാണ് ജനങ്ങളുടെ പ്രതിഷേധ പ്രകടനത്തെ സമീപിക്കുന്നത്. പ്രതിഷേധം നടക്കുന്നതിനിടെ കറുത്ത വർഗക്കാരനെ പൊലീസ്​ ഉദ്യോഗസ്ഥര്‍ കൂട്ടം കൂടി മർദിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ചിരിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു പൊലീസിനെതിരെ സമരം ശക്തമായത്. പുതിയ സുരക്ഷ നിയമം നടപ്പായാൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം പോലും ഫ്രാൻസിൽ ഇല്ലാതാകുമെന്ന് സമരക്കാർ പറയുന്നു.

പാരിസില്‍ ഇന്നലെ അരലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് നിരവധി തവണയാണ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുമ്പോേള്‍ പ്രക്ഷോഭകരും പൊലീസിനെ നിരോധിക്കണം എന്ന ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ച്  സമരപരിപാടികളുമായി മുന്നോട്ട് പോകുകയാണ്. പെലീസിന്‍റെ ഗ്രനേഡ് പ്രയോഗത്തെ സമരക്കാര്‍ കുടകളും വീടുകളില്‍ തന്നെ നിര്‍മിച്ച പ്രൊജക്റ്റൈൽ ലോഞ്ചറുകളും ഉപയോഗിച്ച് ചെറുക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. കല്ലെറിയലും തീവെപ്പും പൊലീസിന്‍റെ ടിയർ ഗ്യാസ്​ പ്രയോഗവുമായി സമരം പാരിസില്‍ ശക്തമാകുകയാണ്.

ഒന്നര ലക്ഷത്തോളം ആളുകൾ ഫ്രാൻസിലെ തെരുവുകളിൽ പ്രതിഷേധത്തിലാണെന്ന്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. എന്നാല്‍, ഇനിയും ലക്ഷങ്ങള്‍ പ്രതിഷേധ പ്രകടനങ്ങളില്‍ അണിചേരുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

കറുത്ത വർഗക്കാർക്കെതിരെയും അറബ്​ വംശ​ജർക്കെതിരെയും കാലാകാലങ്ങളായി കടുത്ത വംശീയ വിവേചനമാണ് ഫ്രാന്‍സില്‍ നിലനില്‍ക്കുന്നത്. ഇത്​ തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ്​ അടുത്ത കാലത്ത്​ ഫ്രാൻസിലുണ്ടായിട്ടുള്ളത്. ഇതിനിടയിലാണ് ഇത്തരത്തിലൊരു നിയമനിര്‍മാണം കൂടി വരുന്നത്. പക്ഷേ ഏത് വിധേനയും ഇമ്മാനുവല്‍ മാക്രോണിനെതിരെ പോരാടാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം. പിന്നോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പൗരന്മാര്‍ മുന്നോട്ട് കുതിക്കുമ്പോള്‍ ഫ്രാന്‍സിന്‍റെ തെരുവോരങ്ങള്‍ പോര്‍ക്കളമാകുകയാണ്.

By Binsha Das

Digital Journalist at Woke Malayalam