പരിസ്ഥിതി പ്രവര്‍ത്തകരുടേയും മൃഗസ്‌നേഹികളുടേയും വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിൽ 35 വര്‍ഷത്തെ ഏകാന്തതയ്ക്ക് ശേഷം ‘കാവന്‍’ ഇസ്ലാമാബാദിൽ നിന്ന് കംബോഡിയയിലേക്ക് യാത്രയായി. 36 കാരനായ കാവൻ ‘ലോകത്തെ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന ആന’യെന്നാണ് അറിയപ്പെടുന്നത്. പാകിസ്താനിൽനിന്ന് കാവനെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്കാണ് മാറ്റുന്നത്. 25,000 ഏക്കറുള്ള കംബോഡിയയിലെ വന്യജീവി സങ്കേതത്തിൽ ഇതിനകം 80-ലധികം ആനകളെ പുനഃരധിവസിപ്പിച്ചിട്ടുണ്ട്.
1985 ൽ പാകിസ്ഥാന് ശ്രീലങ്ക സമ്മാനമായി നൽകിയതാണ് കാവനെ. ഇസ്ലാമാബാദ് കാഴ്ചബംഗ്ലാവിൽ കുട്ടികൾ അടക്കമുള്ളവരുടെ പ്രധാന ആകർഷണമായിരുന്നു അവൻ. ഇസ്‍ലാമാബാദ് മൃഗശാലയിലെ മോശം സാഹചര്യങ്ങളും 2012ൽ ഇണ ചെരിഞ്ഞതും ഒക്കെ കാവന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു.
ചങ്ങലയ്ക്കുള്ളിൽ ബന്ധിക്കപ്പെട്ടുള്ള കാവന്റെ ജീവിതത്തെക്കുറിച്ച് 2015-ലാണ് ലോകം അറിയുന്നത്. ഇടുങ്ങിയ സ്ഥലത്ത്, നാല്‍പത് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍, ശരീരം തണുപ്പിക്കുന്ന വിധത്തില്‍ കുളിക്കാന്‍ പോലുമാകാതെ കഴിയുന്ന കാവന് വേണ്ടി ലോകമെമ്പാടുമുള്ള മൃഗസംരക്ഷണ പ്രവർത്തകരുടെയും യുഎസ് ഗായകൻ ചെർ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും മുന്‍നിരയിൽ തന്നെയുണ്ടായിരുന്നു.
2016 ലാണ് കാവന് വേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ ക്യാമ്പയിനുകൾ ആരംഭിക്കുന്നത്. കാവന്‍റെ ഏകാന്തതയ്ക്ക് മാറ്റം വരുത്താനായി ശ്രമങ്ങൾക്ക് പാതി വിജയം കണ്ടെത്തിയത്. എന്നാൽ 2020 മേയ് 21-ന് ഇസ്ലാമാബാദ് ഹൈക്കോടതി കാവനെ മോചിപ്പിക്കണമെന്ന് വിധിയെഴുതുമ്പോഴാണ്.
കാവന്‍റെ യാത്രയുടെ ഭാഗമായുള്ള ആരോഗ്യപരിശോധനകള്‍ കഴിഞ്ഞ ശേഷമാണ് പതിനായിരം ഹെക്ടര്‍ വിസ്തൃതമായ കംബോഡിയയിലെ വന്യജീവി സങ്കേതത്തില്‍ ഒരു ഭാഗത്ത് ആദ്യം താമസിപ്പിക്കുന്നത്. അവിടെയുള്ള മറ്റാനകളെ കണ്ട് പരിചയമായ ശേഷം കാവനെ സ്വതന്ത്രനാക്കും.
ഞങ്ങൾ ദിവസങ്ങൾ എണ്ണിക്കഴിയുകയായിരുന്നു, ഈയൊരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അവസാനം കാവൻ ഈ മൃഗശാലയിൽനിന്ന് പുറത്തിറങ്ങി, ഇനിയവൻ എന്നും ഞങ്ങൾക്കൊപ്പമുണ്ടാകും, അവനിപ്പോൾ സ്വതന്ത്രനും സന്തോഷവാനുമാണ്. ഏകാന്തവാസത്തിൽനിന്ന് മോചനം നേടികൊണ്ടുള്ള കാവന്റെ യാത്രയെ കുറിച്ച് പോപ്പ് സംഗീതദേവതയും ഓസ്കർ ജേതാവ് കൂടിയായ ഷെറിലിൻ സർകിഷിയാൻ മാധ്യമങ്ങളോട് ഇങ്ങനെയാണ് പറഞ്ഞത്. ഇത് തന്നെയാണ് മൃഗസ്നേഹികളായ ഓരോ വ്യക്തിക്കും പറയാനുള്ളത്. കാരണം കാവൻ ഇനി ഒറ്റയ്ക്കല്ല. മറ്റൊരു ഇണയും പുതിയ സുഹൃത്തക്കളും അവനായി കാത്തിരിക്കുകയാണ്.