ഡൽഹി:
ആദിവാസി- ദളിത് വിദ്യാർത്ഥികളുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി കേന്ദ്രം അനുവദിച്ച സ്കോളർഷിപ്പ് മുടങ്ങിയിട്ട് കൊല്ലങ്ങളായി. രാജ്യത്തെ 60 ലക്ഷം ദളിത് വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന അഖിലേന്ത്യാ പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് 14 സംസ്ഥാനങ്ങളിലാണ് മുടങ്ങിയിരിക്കുന്നത്.
പദ്ധതിയുടെ 90 ശതമാനം ബാധ്യതയും സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ് ഇപ്പോഴത്തെ കേന്ദ്ര നിലപാട്. എന്നാൽ, കേന്ദ്രം പ്രഖ്യാപിച്ച സ്കോളർഷിപ്പിന്റെ ബാധ്യത ഏറ്റെടുക്കാൻ 90% സംസ്ഥാനങ്ങൾക്കും വിയോജിപ്പാണ്. 60 ശതമാനം ബാധ്യത കേന്ദ്രസർക്കാർ വഹിക്കണമെന്ന് 12–-ാം ധനകമീഷൻ ശുപാർശ ചെയ്‌തിരുന്നതാണ്.
എന്നാൽ, 2017–-2018ൽ ധനമന്ത്രാലയത്തിന്റെ പുതിയ നയത്തിൽ വിഹിതം വെട്ടിക്കുറിച്ചു. ഒടുവിൽ തർക്കമായതോടെ കേന്ദ്രസർക്കാർ ഫണ്ട് നൽകുന്നത് നിർത്തിവയ്ക്കുകയായിരുന്നു . ഇതോടെ 2017 മുതൽ 14 സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളാണിപ്പോൾ പഠിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ വിഷമിക്കുന്നത്.
സംസ്ഥാനങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യപ്പെടലുകളെ തുടർന്ന് പഴയ 60:40 അനുപാതത്തിൽ ബാധ്യത പങ്കിടുന്നതാണ് ഉചിതമെന്ന് സാമൂഹ്യനീതി മന്ത്രാലയം ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഈ വിഷയം കഴിഞ്ഞ ഒരു വർഷമായി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുകയാണ്. ഒരു നടപടിയുമായിട്ടില്ല .
വർഷം 18000 രൂപയാണ് ഓരോ വിദ്യാർത്ഥിക്കും പ്രഖ്യാപിച്ചിരുന്നത്. ഈ സ്കോളര്ഷിപ്പിന്റെ പിൻബലത്തിൽ നിരവധി വിദ്യാർത്ഥികളായിരുന്നു ഹയർ സെക്കണ്ടറി പഠനത്തിനായി ചേർന്നിരുന്നത്. എന്നാൽ, പാതിവഴിയിൽ
പണമില്ലാതെ പഠനം മുടങ്ങി പ്രതിസന്ധിയിലായിരിക്കുന്നത്. ഈ വിഷയം കഴിഞ്ഞദിവസം കോൺഗ്രസ്സ് എം പി രാഹുൽ ഗാന്ധി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ആദിവാസികളും ദളിതരും പിന്നോക്കക്കാരും വിദ്യാഭ്യാസം നേടരുതെന്ന ബിജെപി, ആർഎസ്‌എസ് കാഴ്‌ചപ്പാടാണ് നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/rahulgandhi/posts/1151205511980502