Tue. Mar 19th, 2024
Voters List
കൊച്ചി:

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിംഗ് സംബന്ധിച്ച പ്രാഥമിക നിർദേശങ്ങൾ പുറത്തിറങ്ങി. ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ ഒരു ബൂത്തിലേക്ക് 50 പോസ്റ്റൽ വോട്ടുകളും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും ഓരോ ബൂത്തിലേക്കും 70 പോസ്റ്റൽ ബാലറ്റുകളുമാണ് അച്ചടിക്കുന്നത്. കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ ആവശ്യാനുസരണം അച്ചടിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൊവിഡ് സംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കാനും രോഗപ്രതിരോധ നടപടി സ്വീകരിക്കാനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും ആരോഗ്യ വകുപ്പിന്റെ നോഡൽ ഓഫീസർമാരെ നിയോഗിക്കും. കൊവിഡ് സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ ജില്ലാതലത്തിൽ ജില്ലാ ഹെൽത്ത് ഓഫീസർ അംഗീകരിച്ചു നൽകണം.

ഇതിനായി ജില്ലാ ഹെൽത്ത് ഓഫീസറെ നിയമിക്കും. ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചു ജില്ലാ ഹെൽത്ത് ഓഫീസ് തയ്യാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റ് ജില്ലാ ഇലക്ഷൻ ഓഫീസർക്ക് കൈമാറും.  തിരഞ്ഞെടുപ്പിന് പത്തു ദിവസം മുമ്പായിരിക്കും ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കുന്നത്.

പിന്നീടുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ അതാത് ദിവസങ്ങളിൽ ജില്ലാ ഹെൽത്ത് ഓഫീസർ കൈമാറും.വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകിട്ട് മൂന്നു വരെയായിരിക്കും പോസ്റ്റൽ വോട്ടുകൾ അനുവദിക്കുന്നത്. സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പോസ്റ്റൽ വോട്ടിംഗ് മാത്രമേ അനുവദിക്കു.

തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് നെഗറ്റീവ് ആയാലും നിരീക്ഷണ കാലാവധി പൂർത്തിയാക്കിയാലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല.വോട്ടിംഗിന് തലേദിവസം മൂന്നിന് ശേഷം പോസിറ്റീവ് ആകുന്ന ആളുകൾക്ക് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കും. ജില്ലാ ഹെൽത്ത് ഓഫീസർ തയ്യാറാക്കുന്ന നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമേ പോസ്റ്റൽ വോട്ടിംഗ് അനുവദിക്കൂ.

ജില്ലയിൽ ഡിസംബർ ഒന്നിനായിരിക്കും ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ജില്ലാ ഇലക്ഷൻ ഓഫീസർക്ക് സമർപ്പിക്കുക. ഡിസംബർ 8 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ വോട്ടർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ സർട്ടിഫൈഡ് ലിസ്റ്റ് നവംബർ 29 ന് തന്നെ തയ്യാറാക്കാൻ ആരംഭിക്കും.  സമീപ ജില്ലകളിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ പ്രത്യേകമായി ശേഖരിച്ച് അതാത് ജില്ലകളിലെ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് കൈമാറും.

ഡിസംബർ 10ന് തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഡിസംബർ ഒന്നിന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഡിസംബർ രണ്ട് മുതൽ ഡിസംബർ ഒൻപതിന് വൈകിട്ട് മൂന്ന് വരെയുള്ള സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറണം. ഡിസംബർ 14ന് തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ അഞ്ചിന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഡിസംബർ ആറ് മുതൽ 13 വൈകിട്ട് മൂന്ന് വരെയുള്ള സർട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളിൽ കൈമാറണം.