സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മഞ്ജു വാര്യർ– സൗബിൻ ഷാഹിർ ചിത്രമായ ജാക്ക് ആൻഡ് ജിൽ ആണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ചാവിഷയം. മലയാളിയ്ക്ക് അത്രകണ്ട് സുപരിചതമല്ലാത്ത വാക്കുകൾകൊണ്ട് തീർത്ത ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു . ഇതാണ് പ്രേക്ഷകരെ ത്രസിപ്പിച്ചിരിക്കുന്നത്.
‘കിം കിം കിം …. മേ മേ മേ’ എന്ന പാട്ട് റിലീസ് ചെയ്ത് 21 മണിക്കൂർ പിന്നിടുമ്പോൾ തന്നെ മൂന്നരലക്ഷതിലധികം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് നമ്പർ സിക്സിലാണ്.
ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിനെയും ചലച്ചിത്രകാരൻ കിം കി ഡുക്കിനേയും ഒക്കെ അനുസ്മരിച്ചാണോ ഈ ഗാനം തയാറാക്കിയിരിക്കുന്നത് എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും ചോദിക്കുന്നത്. ചിലപ്പോൾ ഒരു ഇമ്പത്തിന് രണ്ട് വാക്കുകൾ ചേർത്തതാകുമെന്ന് മറ്റു ചിലർ സംശയം പ്രകടിപ്പിക്കുന്നു.
എന്നാൽ ഇതുരണ്ടുമല്ല കാരണം ‘കിം കിം മെയ് മെയ്ക്ക്’ കൃത്യമായ അർത്ഥമുണ്ടെന്നാണ് ഗാനരചയിതാവ് ബികെ ഹരിനാരായണൻ പറയുന്നത്. യഥാർത്ഥത്തിൽ ‘കിം’ എന്നാൽ ‘എന്തേ’ എന്നാണ് അർത്ഥം. ‘മേ’ എന്നാൽ എനിക്കുവേണ്ടി. ‘എനിക്കുവേണ്ടി വരാത്തതെന്തേ കാന്താ’ എന്നാണ് ആ വരിയുടെ ശരിയായ അർത്ഥം. സംസ്കൃതവും മലയാളവും ചേർത്തുവെച്ചാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഈ വാക്കിന് ചിത്രത്തിൽ കൃത്യമായ ഒരു റോളുമുണ്ടത്രെ. റാം സുരേന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ പാട്ട് പാടിയിരിക്കുന്നത് മഞ്ജു വാര്യർ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്. സന്തോഷ് ശിവൻ ഏഴ് വർഷത്തിന് ശേഷം മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാളിദാസ് ജയറാം, നെടുമുടി വേണു തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.