കൊച്ചി:
ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവ പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള് നിരീക്ഷിക്കുന്നതിനും നടപടികള് സ്വീകരിക്കുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. 2021 ജനുവരി രണ്ട് വരെ ജില്ലാതലത്തിൽ ഒരു എക്‌സൈസ് ഇന്സ്‌പെക്ടറുടെ നേതൃത്വത്തിലും താലൂക്ക് തലത്തിലും എക്‌സൈസ് സർക്കിൽ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കും.
ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന് ഓഫീസ് കേന്ദ്രീകരിച്ചുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തീവ്ര പ്രവർത്തനം നടത്തുന്നത്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം, കടത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം.
എക്‌സൈസ് വകുപ്പ് , ഫോറസ്റ്റ്, റവന്യൂ, പോലീസ്, ഡ്രഗ്‌സ്, ഫുഡ് & സേഫ്റ്റി എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത പരിശോധനകളാണ് ഈ കാലയളവിൽ നടത്തുന്നത്. രാത്രികാല പട്രോളിംഗ്, വാഹനപരിശോധന എന്നിവയും നടത്താൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട് 24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളില് വാഹന പരിശോധന ശക്തമാക്കുകയും, പൊതുജനങ്ങളില് നിന്നും ലഭിയ്ക്കുന്ന പരാതികളിൽ മിന്നല് പരിശോധന നടത്തുവാനും രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയോഗിച്ചു. വിവരം ലഭിച്ചാല് മിനിറ്റുകള്ക്കുള്ളില് ഇത്തരം പരാതികൾ അന്വേഷിക്കും.