Sat. Jan 18th, 2025
ചല്ലി പൂവ് (പായൽ പൂവ് ) വിരിഞ്ഞപ്പോൾ
കോഴിക്കോട്:

നിറഞ്ഞുനില്‍ക്കുന്ന പായല്‍പൂക്കള്‍ പടര്‍ത്തിയ പിങ്ക് നിറത്തില്‍ അതിമനോഹരിയായി ഒരു തോട്. പേരാമ്പ്രയ്ക്കടുത്ത് ചെറുവണ്ണൂര്‍ ആവളപാണ്ടി കുറ്റിയോട്‌ നദിയിലാണ് ഗ്രാമീണസൗന്ദര്യത്തിന്‍റെ വര്‍ണഭംഗി കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. മലയാളത്തില്‍ മുള്ളന്‍പായല്‍ (Forked Fanwort) എന്നുവിളിക്കുന്ന ജലസസ്യമാണ് പ്രദേശവാസികളെപ്പോലും അമ്പരപ്പിച്ച് കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി കൂട്ടത്തോടെ പൂവണിഞ്ഞത്. എന്നാല്‍ ഈ ചെടിയെ ചല്ലി പൂവ് എന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്.

പൂത്തുലഞ്ഞു നില്‍ക്കുന്ന ചല്ലി പൂവ് കാണാൻ ദിവസങ്ങളായി സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. എന്നാൽ, കൊവിഡ് ജാഗ്രതയുടെ ഭാഗമായി പ്രദേശത്തേക്ക്  സഞ്ചാരികളുടെ വരവ് കർശനമായി നിരോധിച്ചു.’ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ സഞ്ചാരികളെ ഈ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല’ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അറിയിപ്പ്
അറിയിപ്പ്

കോഴിക്കോട് ജില്ലയുടെ നെല്ലറയായി അറിയപ്പെടുന്ന പ്രദേശമാണ് ആവളപാണ്ടി. തോടാകെ ചല്ലി പൂവ് പൂത്തുലഞ്ഞു നില്‍ക്കുകയാണ്. കാണുമ്പോള്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ അത്രയും മനോഹരമാണ് ചല്ലി പൂവിൻറെ ദൃശ്യങ്ങൾ.

ആവളപാണ്ടിയെന്ന പ്രദേശത്ത് പരവതാനി വിരിച്ചപ്പോലെയാണ് മുള്ളന്‍ പായല്‍ നിറയെ പൂത്തിരിക്കുന്നത്. മുള്ളന്‍ പായലിന്റെ ദൃശ്യഭംഗി ആ നാടിനെ തന്നെ പ്രശസ്തമാക്കി കഴിഞ്ഞു. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയുളള സമയത്ത് മുള്ളന്‍ പായല്‍ ശോഭയോടെ പൂത്തു നില്‍ക്കുന്നത് കാണാം.

ചല്ലി പൂവ് (പായൽ പൂവ് ) വിരിഞ്ഞപ്പോൾ
ചല്ലി പൂവ് (പായൽ പൂവ് ) വിരിഞ്ഞപ്പോൾ, pic (c); Deepesh John

രാവിലെ അതിസുന്ദരിയായി തലയെടുപ്പോടെ നില്‍ക്കുന്ന മുള്ളന്‍ പായല്‍ ഇളം വെയിലേറ്റു തുടങ്ങുമ്പോള്‍ തന്നെ ചെറുതായി വാടി തുടങ്ങും പിന്നീട് വെയില്‍ കൂടുന്നതോടെ പ്രഭയും കുറയുന്നു. വളരെ പെട്ടെന്ന് തന്നെ പടര്‍ന്നു പിടിക്കുന്ന ഒരു ചെടിയാണ് മുള്ളന്‍ പായല്‍. എന്നാല്‍ ഇത് പടര്‍ന്നു പന്തലിക്കുന്നതിനോടൊപ്പം മറ്റു ജലസസ്യങ്ങളെ നശിപ്പിക്കുന്നു എന്ന ഒരു ദോഷവശം കൂടി ഉണ്ട്. അതുകൊണ്ടു തന്നെ ഇതിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നത് അത്ര ഗുണകരമല്ല എന്നുവേണം കരുതാന്‍.