Sat. Jan 18th, 2025
ചെന്നൈ:

തമിഴ്‌നാട്ടിൽ നാശം വിതച്ച് കൊണ്ട് നിവാർ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് കര തൊട്ടു. 135 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാർ ഇപ്പോൾ ശക്തി കുറഞ്ഞ് തീവ്രചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് ഗണത്തിലേക്ക് മാറിയിട്ടുണ്ട്.

കാറ്റിന്‍റെ വേഗം അടുത്ത മണിക്കൂറുകളിൽ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന് ആറ് മണിക്കൂർ വരെ സമയമെടുത്തേക്കാം.വേഗം 65-75 കീമി ആയി കുറയും എന്നാണ് കണക്കുകൂട്ടൽ. വിളുപുരം ജില്ലയിൽ സ്ത്രീ വീട് തകർന്ന് വീണ് മരിച്ചു. വിളുപുരം സ്വദേശി രാജേശ്വരിയാണ് മരിച്ചത്.

ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും. തമിഴ്നാടിന്‍റെ തീരമേഖലയിലും പുതുച്ചേരിയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. ചുഴലിക്കാറ്റ് മുൻകൂട്ടി അറിയാൻ കഴിഞ്ഞതും അരലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞതും വലിയ ദുരന്തം ഒഴിവാക്കി.

തമിഴ്നാട്ടിൽ ഇന്നും പൊതു അവധിയായിരിക്കും. അവശ്യസർവീസുകളല്ലാതെ, കടകളടക്കം ഒരു സ്ഥാപനങ്ങളും ഇന്ന് തുറക്കില്ല. ശനിയാഴ്ച വരെ പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടായ ഇടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനം നടത്താൻ സജ്ജരാണെന്ന് തമിഴ്നാട്, പുതുച്ചേരി അധികൃതർ വ്യക്തമാക്കി. എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രസർക്കാരും ഉറപ്പു നൽകുന്നു.

By Arya MR