Wed. Jan 22nd, 2025
Sasi Tharoor (Picture Credits: The Indian Express)

തിരുവനന്തപുരം:

കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ഒരു ട്വീറ്റിനെ ചുറ്റിപറ്റിയായിരുന്നു ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച നടന്നത്. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന ‘ചായ’, അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കാവി നിറം മാത്രമായി മാറുന്ന ഒരു പ്രതീകാത്മക ചിത്രമായിരുന്നു ശശി തരൂര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് രാഷ്ട്രീയ ചര്‍ച്ച കൊഴുക്കാനുള്ള കാരണം. ട്വിറ്ററില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെയായിരുന്നു “മുംബൈ ആസ്ഥാനമായുള്ള അഭിനവ് കഫാരെ എന്ന കലാകാരന്‍റെ അതിഗംഭീര സൃഷ്ടി തന്നെയാണിത്. രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന ഉത്തമമായ സൃഷ്ടി എന്നായിരുന്നു ഈ ട്വീറ്റ്. പലപ്പോഴും വാക്കുകളെക്കാള്‍ പതിന്മടങ്ങ് ശക്തിയാണ് ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന ആശയങ്ങള്‍ക്കെന്നും തരൂര്‍ ഈ കലാസൃഷിടി പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു.

ട്വീറ്റ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു. ട്വീറ്റ് ഷെയര്‍ ചെയ്ത പലരും ഇത് പല രീതിയില്‍ വായിച്ചെടുത്തു.  കാവിവത്കരിക്കപ്പെടുന്ന കോൺഗ്രസിനെയാണോ തരൂർ ഉദ്ദേശിച്ചത് എന്നായിരുന്നു പലരും ചോദിച്ചത്. ഈ സാഹചര്യത്തില്‍ തരൂര്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്‍റെ ട്വീറ്റിന്റെ അർത്ഥത്തിന് ചിലർ ആർ‌എസ്‌എസ് അനുകൂല വ്യാഖ്യാനം നൽകുന്നത് അസഹനീയമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ചായവിൽപ്പനക്കാരൻ ഇന്ത്യയുടെ ത്രിവർണ പതാകയെ കാവിവത്കരിക്കുകയാണ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തരൂര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. നമ്മൾ അതിനെ എതിർക്കണം. തന്‍റെ പുസ്തകങ്ങളിലെ സന്ദേശവും അതുതന്നെയാണെന്ന് തരൂർ വിശദീകരിച്ചു.

By Binsha Das

Digital Journalist at Woke Malayalam