കൊച്ചി:
മെട്രോ തൂണുകള്‍ക്കിടയിലെ മീഡിയനുകള്‍ മനോഹരമാക്കാന്‍ പദ്ധതിയുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കോര്‍പറേറ്റുകളുടെയും വിവിധ ബിസിനസ് ഗ്രൂപ്പുകളുടെയും പിന്തുണയോടെയാണ് നിലവില്‍ പരിപാലനമില്ലാതെ കിടക്കുന്ന മീഡിയനുകള്‍ സൗന്ദര്യവത്കരിക്കാനും പരിപാലിക്കാനും കെഎംആര്‍എല്‍ പദ്ധതിയിടുന്നത്.
ഇടപ്പള്ളി മുതല്‍ പേട്ട വരെയുള്ള ഭാഗത്തെ 215 മീഡിയനുകളുടെ സൗന്ദര്യവത്കരണ ചുമതല സ്പോണ്സര്മാര്ക്ക് കൈമാറി. ജ്വല്ലറി ഗ്രൂപ്പുകള്‍, ആശുപത്രികള്‍, ബേക്കറികള്‍, വസ്ത്രശാലകള്‍, ബാങ്കുകള്‍ തുടങ്ങിയവയാണ് വിവിധ മീഡിയനുകള്‍ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി കപ്പൽശാല, പെട്രോനെറ്റ് തുടങ്ങിയ പൊതുമേഖലാ കമ്പനികളും നടത്തിപ്പ് ഏറ്റെടുത്തിട്ടുണ്ട്.
നിലവില്‍ 16 മീഡിയനുകള്‍ കപ്പല്‍ശാല പരിപാലിക്കുന്നുണ്ട്. ഇതുവരെ 70 ശതമാനം മീഡിയനുകള്ക്കാണ് സ്പോണ്‍സര്‍മാരെ കണ്ടെത്തിയത്. സ്പോണ്സര്മാര്ക്ക് അവരവര്‍ ഏറ്റെടുത്ത മീഡിയനില്‍ അവരുടെ പേരുകള്‍ പ്രദര്ശിപ്പിക്കാനാവും. സ്പോണ്‍സര്‍മാരില്‍നിന്ന് ഒറ്റത്തവണ ഫീസാണ് കെഎംആര്‍എല്‍ ഈടാക്കുന്നത്.
ഗാര്‍ഡനിംഗ്, ബയോ ഡിഗ്രേഡബിള്‍ ഗാര്‍ഡനിംഗ് എന്നിങ്ങനെ പരിപാലന രീതി സ്പോണ്സര്മാര്ക്ക് തെരഞ്ഞെടുക്കാം. വിവിധ കാലാവസ്ഥക്ക് അനുയോജ്യമായ കുറ്റിച്ചെടികളോ ചെടികളോ മാത്രം തെരഞ്ഞെടുക്കുന്ന രീതിയിലായിരിക്കണം പൂന്തോട്ടങ്ങളുടെ നിര്‍മാണം. രണ്ടു വര്‍ഷത്തേക്കുള്ള പരിപാലന ചെലവ് സ്പോണ്‍സര്‍മാര്‍ വഹിക്കണം. അറ്റകുറ്റപ്പണികളും ഇവരുടെ ഉത്തരവാദിത്വമായിരിക്കും.
ഇതുവരെ 215 മീഡിയനുകൾക്ക് സ്പോൻസർഷിപ്പ് ലഭ്യമായിട്ടുണ്ട്. ബാക്കിയുള്ള മീഡിയനുകളുടെ സൗന്ദര്യവത്കരണം പരമാവധി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു