കൊച്ചി:
എറണാകുളം തിരുവാണിയൂരില്‍ സ്വന്തം കുടുംബത്തില്‍ താമസിക്കാനാകാതെ ഒറ്റപ്പെട്ട ബ്രെയിന്‍ ട്യൂമര്‍ രോഗിയായ നാല്‍പ്പത്തിരണ്ടുകാരിക്ക് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഇടപെട്ട് താമസസൗകര്യമൊരുക്കി. കൊവിഡ് ടെസ്റ്റും കഴിഞ്ഞാണ് അഗതിമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
വിഷയത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരേ വനിതാ കമ്മിഷന്‍ സ്വമേധയാ കേസും രജിസ്റ്റര്‍ ചെയ്യും. ഇവരുടെ ചികിത്സയ്ക്കാവശ്യമായ സഹായം നല്‍കാന്‍ ആരോഗ്യവകുപ്പിനോട് ശുപാര്‍ശ ചെയ്യാനും കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. വീട് ഭാഗം വച്ചപ്പോള്‍ ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് ലൈഫ് പദ്ധതി മുഖേന വീട് അനുവദിച്ചിട്ടുള്ളതിനാൽ ഭവനനിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ വനിതാ കമ്മീഷൻ താത്കാലിക താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
കുടുംബ വീട്ടില്‍ അമ്മയ്ക്കും സഹോദരിക്കും സഹോദരനുമൊപ്പം താമസിച്ചുവരികയായിരുന്നു യുവതി, അമ്മയുടെ മരണശേഷം ഒറ്റപെടുകയായിരുന്നു.വീടിന്റെ അടുക്കള വശത്തായിരുന്നു രോഗിയായിരുന്ന അവരുടെ താമസം. തുടര്‍ന്ന് മഴകാലത്ത് അടുക്കളയും ചോർന്ന് ഒലിക്കാൻ തുടങ്ങിയതോടെ അവിടം താമസ യോഗ്യമല്ലാതായി. അതിനെ തുടർന്ന് കമ്മിഷന്‍ അംഗം ഷിജി ശിവജിക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താമസസൗകര്യം അടക്കമുള്ള നടപടികൾ സ്വീകരിച്ചത്.
‘അവരെ സുരക്ഷിതമായ സ്ഥലത്തേക്കാണ് മാറ്റിയതെന്നും അവരുടെ സംരക്ഷണത്തിന് വേണ്ട എല്ലാ നടപടിയും തുടർന്നും സ്വീകരിക്കുമെന്നും’ വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി വോക്ക് മലയാളത്തോട് പറഞ്ഞു.