ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചരിച്ച് ആഴക്കടലിലെ വൈവിധ്യമായ ജൈവവസ്തുക്കളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചൈന. നവംബര്‍ ആദ്യമാണ് ചൈനയുടെ പുതിയ അന്തര്‍വാഹിനി ‘ഫെന്‍ഡോസെ’ 10,909 മീറ്റര്‍ കടലിന്റെ ആഴത്തിലേക്ക് സഞ്ചരിച്ചത്.
മൂന്ന് ശാസ്ത്രജ്ഞരുടെ സംഘമാണ് മരിയാന ട്രെഞ്ചിലൂടെ സഞ്ചരിച്ച് 10,000 മീറ്റര്‍ ആഴത്തില്‍ പസഫിക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെത്തിയത്. അപരിചിതവും വൈവിധ്യവുമായ നിരവധി ജീവികളുടെ ജാലം കാണാന്‍ ഈ സമുദ്രാന്തര്‍യാത്ര സഹായകമായെന്ന് വാഹനത്തില്‍ യാത്രചെയ്ത ശാസ്ത്രജ്ഞര്‍ പറയുന്നു. പഠനങ്ങള്‍ക്കാവശ്യമായ സാംപിളുകള്‍ ശേഖരിക്കാൻ സാധിച്ചതായും ഇവർ പറഞ്ഞു.
പച്ചയും വെള്ളയും നിറത്തിലുള്ള അന്തര്‍വാഹിനി കപ്പല്‍ ആഴക്കടലിലേക്ക് മുങ്ങിപ്പോകുന്ന ദൃശ്യം മുതൽ വാഹനത്തിലെ ശാസ്ത്രജ്ഞരുടെ സംഭാഷണം പോലും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശബ്ദതരംഗങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ക്യാമറകളുടെ സഹായത്തോടെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.