Mon. Dec 23rd, 2024
Drugdealers-Dixon- Shalvin-Udayan
കൊച്ചി:

ന്യൂജെനറേഷന്‍ മയക്കുമരുന്നുമായി ചേര്‍ത്തല സ്വദേശികളായ മൂന്നു യുവാക്കള്‍ കൊച്ചിയില്‍ കസ്റ്റഡിയിലായ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന്‌ പോലിസ്‌. ബംഗളുരുവില്‍ നിന്ന്‌ മെത്തലീന്‍ ഡയോക്‌സിമെത്ത്‌ ആംഫ്‌റ്റമൈന്‍ (എംഡിഎംഎ) ഇവര്‍ക്കു കൈമാറിയവരെക്കുറിച്ചുള്ള അന്വേഷണം സൂചനകളുടെ അടിസ്ഥാനത്തില്‍ ശക്തിമാക്കിയെന്ന്‌ പനങ്ങാട്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ “വോക്ക്‌ മലയാള”ത്തോടു പറഞ്ഞു.

പ്രതികളെ ഏഴു ദിവസത്തെ പോലിസ്‌ കസ്‌റ്റഡിയില്‍ വിട്ടു. കേരളത്തിലെ ക്യാംപസുകളില്‍ എംഡിഎംഎ ഉപയോഗം വ്യാപിക്കുന്നുണ്ടെന്നും ഇപ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ഇത്‌ പ്രാപ്‌തമാകുന്നുണ്ടെന്നും എസ്‌ഐ വ്യക്തമാക്കി. കസ്റ്റഡിയിലിരിക്കുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ കേസിലെ നിര്‍ണായക കണ്ണികളെ പിടികൂടാനാകുമെന്ന്‌ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എഴുപുന്ന ചെറുവള്ളിയില്‍ ഡിക്‌സണ്‍ (19) എഴുപുന്ന ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ നിന്ന്‌ അഞ്ച്‌ ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊച്ചി, ആലപ്പുഴ ജില്ലകളില്‍ ലഹരിമരുന്ന്‌ വില്‍പ്പന നടക്കുന്നതായി വിവരം കിട്ടിയ പശ്ചാത്തലത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.

ഇടനിലക്കാര്‍ വഴി ലഹരിമരുന്ന്‌ എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കൊച്ചി സിറ്റി ഡാന്‍സാഫും (ഡിസ്‌ട്രിക്‌റ്റ്‌ ആന്റി നാര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്‌) പനങ്ങാട്‌ പോലിസുമാണ്‌ ഇവരെ പിടികൂടിയത്‌.

സിന്തറ്റിക്ക്‌ ഡ്രഗ്‌സ്‌ ഇനത്തില്‍പ്പെടുന്ന എംഡിഎംഎ വന്‍കിട നിശാപാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം, മാനസികരോഗം, വിഷാദരോഗം, കാഴ്‌ചത്തകരാറ്‌ തുടങ്ങിയ ഗുരുതരരോഗങ്ങള്‍ക്ക്‌ ഇടയാക്കുന്ന ലഹരിമരുന്നാണിത്‌.

നേരത്തേ നൈജീരിയക്കാര്‍ ഉള്‍പ്പെട്ട മയക്കുമരുന്നുകേസില്‍ 13 പേരെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ആ കേസുമായി ഇവര്‍ക്കു ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്ന്‌ പോലിസ്‌ അറിയിച്ചു.