Mon. Dec 23rd, 2024
കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ
കോതമംഗലം:

കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ പ്രതിസന്ധിയിൽ. കൊവിഡ് പ്രതിസന്ധിമൂലം പനമ്പിനും ഈറ്റക്കും വിലകുറഞ്ഞതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്. വർഷങ്ങളായി സർക്കാർ സഹായവും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. കുട്ടമ്പുഴയിലെ ആദിവാസി ഊരായ എളംമ്പ്ലാശേരിക്കാരുടെ ഏക ഉപജീവനമാർഗമാണ് പനമ്പ് നെയ്ത്ത്.

വന്യമൃഗങ്ങൾ ധാരാളമുള്ള കാട് കയറി ഈറ്റ ശേഖരിച്ചാണ് പനമ്പ് നിർമാണം. ആഴ്ചകളോളം കഷ്ടപ്പെട്ട് നിർമിക്കുന്ന പനമ്പ് ഒന്നിന് ഇവർക്ക് ലഭിക്കുന്നത് വെറും 95 രൂപ മാത്രം. മുൻപ് കെട്ട് ഒന്നിന് 110 രൂപ ലഭിച്ചിരുന്ന ഈറ്റക്ക് ഇന്ന് ലഭിക്കുന്നത് 85 രൂപയാണ്. നിരവധി തവണ ബാംബൂ കോർപറേഷനിൽ പരാതിയുമായെത്തിയെങ്കിലും ബോർഡ് മെമ്പർമാർ അപമര്യാദയായി പെരുമാറിയെന്ന് ഇവർ പറയുന്നു. വന്യമൃഗങ്ങളേയും, ഇഴജന്തുക്കളേയും പേടിച്ച് കാട്ടിനുള്ളിൽ പോയി ഈറ്റവെട്ടി ഉണക്കി നെയ്തെടുക്കുന്ന പനമ്പിന് വിലയില്ലാതായതോടെ ഈ തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്ന ഇവിടത്തുകാർ പട്ടിണിയിലാണ്.

സർക്കാർ അനുവദിച്ച ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കഴിഞ്ഞ നാല് വർഷമായി ഇവർക്ക് ലഭിച്ചിട്ടില്ല. നെയ്തെടുത്ത പനമ്പ് വിൽപന നടന്നാലും പണം ഇവരുടെ കയ്യിലെത്താൻ പിന്നെയും മാസങ്ങൾ കാത്തിരിക്കണം. ഇതിന് അടിയന്തിര പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.