കൊച്ചി:
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും ആണ് വിജിലന്‍സ് പ്രതിചേര്‍ത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രതികള്‍.
സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി എസ് രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. കിറ്റ് കോയുടെ രണ്ട് ഉദ്യോഗസ്ഥരെ കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എഞ്ചിനീയര്‍ എഎച്ച് ഭാമ, കണ്‍സൽട്ടൻറ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ മൊത്തം പ്രതികള്‍ പതിനേഴായി.
നേരത്തെ തന്നെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കരാറുകാരനായ സുമിത് ഗോയലിന് 8.25 കോടി രൂപ വായ്പ അനുവദിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രതിചേര്‍ത്തിരിക്കുന്നത്.
അതേസമയം, ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചുവെന്ന് വിജിലൻസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാന്‍റ് റിപ്പോർട്ടിലും ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹര്‍ജിയിലുമാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
https://www.youtube.com/watch?v=UXyu7mAfMUI