കൊച്ചി:
രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഹെെക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണെന്ന് ജോസ് കെ മാണി. സത്യം ജയിച്ചു നുണപ്രചരണങ്ങളുമായി രംഗത്തെത്തിയവർക്കുള്ള തിരിച്ചടിയാണ് ഈ വിധി. രണ്ടിലയിൽ നിന്ന് കേരളാ കോൺഗ്രസിനെ മാറ്റി നിർത്താൻ കഴിയില്ലയെന്നും ജോസ് കെ മാണി പ്രതികരിച്ചു. തന്റെ മാത്രമല്ല എല്‍ഡിഎഫിന്റെയും കൂടി വിജയമാണ്.ഇടത് മുന്നണിക്ക് ഈ വിധി കരുത്ത് പകരുമെന്നും ജോസ് കെ മാണി പറഞ്ഞു.
ഏറെ നാളത്തെ തർക്കത്തിനും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ആണ് രണ്ടില ചിഹ്നത്തില്‍ തീര്‍പ്പായത്. കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹെെക്കോടതി അംഗീകരിക്കുകയായിരുന്നു. കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതോടെ തദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് ഇനി ‘രണ്ടില’ ചിഹ്നത്തില്‍ ജനവിധി തേടാം. അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് വിഭാഗവും പ്രതികരിച്ചു.