Thu. Jan 23rd, 2025
Trade union's national general strike
ഡൽഹി:

ഈ മാസം 26ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ ജന വിരുദ്ധ, അദ്ധ്യാപക-തൊഴിലാളി-കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ സര്‍വ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും എന്ന് അറിയിച്ചു .

നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജന വിരുദ്ധ തൊഴില്‍ നിയമ ഭേദഗതിയും കര്‍ഷക നിയമഭേദഗതിയും പിന്‍വലിക്കുക എന്ന പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അദ്ധ്യാപകര്‍ സമരത്തിന് അണി നിരക്കുന്നത്.

വര്‍ഗ്ഗീയവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ലക്ഷ്യമിടുന്ന പുത്തന്‍ വിദ്യാഭ്യാസ നയം അദ്ധ്യാപകരുടെ തൊഴില്‍ സ്ഥിരതയില്ലാതാക്കുകയും വീണ്ടും വിഭ്യാഭ്യാസം വരേണ്യവല്‍ക്കരിക്കുന്നതിനും കാവിവല്‍ക്കരിക്കുന്നതിനുമെതിരെയുള്ള ഒരു സമരമാണിതെന്ന് കൂടി ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ജിജൂ പി അലക്സും ജനല്‍ സെക്രട്ടറി ഡോ. എ പസ് ലിത്തിലും പ്രസ്താവനയില്‍ പറഞ്ഞു.

അടുത്തയാഴ്ച രണ്ടു ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കുമെന്നും പത്ത് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ സംയുക്ത യോഗത്തിന് ശേഷം അറിയിച്ചു.

നവംബര്‍ 26ന് പൊതു പണിമുടക്ക് നടത്താനുള്ള ആഹ്വാനത്തോട് രാജ്യമെങ്ങുമുള്ള തൊഴിലാളികള്‍ ആവേശത്തോടെയാണ് പ്രതികരിച്ചതെന്ന് യൂണിയനുകള്‍ അറിയിച്ചു. ഇതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ ണതോതില്‍ നടന്നുവരികയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഐഎന്‍ ടിയുസി, എഐടിയുസി, സിഐടിയു, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍ പിഎഫ്, യുടിയുസി എന്നിവ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

By Arya MR