Fri. Nov 22nd, 2024
Sreedevi-keralacongress M

കൊച്ചി:

പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോതമംഗലത്തെ സിപിഎം- സിപിഐ തര്‍ക്കം മുന്നണിബന്ധം തകര്‍ക്കുന്ന നിലയിലേക്ക്‌. നെല്ലിക്കുഴിക്കു പിന്നാലെ പല്ലാരിമംഗലത്തും മുന്നണി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ എല്‍ഡിഎഫ്‌ ഘടകകക്ഷി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഒമ്പത്‌, പത്ത്‌ വാര്‍ഡുകളിലാണ്‌ സിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്‌.

ഒമ്പതാം വാര്‍ഡില്‍ ദീപയും പത്തില്‍ സി എസ്‌ സഫീലയുമാണ്‌ സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ്‌ ചര്‍ച്ചകളില്‍ രണ്ടു വാര്‍ഡുകളും തങ്ങള്‍ക്കാണ്‌ അനുവദിച്ചതെന്നും പിന്നീട്‌ ഏകപക്ഷീയമായി സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയായിരുന്നുവെന്നുമാണ്‌ സിപിഐ ലോക്കല്‍ സെക്രട്ടറി അലിയാര്‍ മാനിക്കല്‍ പറയുന്നത്‌.

എന്നാല്‍ 13 വാര്‍ഡിലും സിപിഎം ആണ്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും കൂടുതല്‍ സീറ്റുകള്‍ക്ക്‌ വേണ്ടി സിപിഐ വാശിപിടിച്ചതാണ്‌ ഒഴിവാക്കാന്‍ കാരണമെന്നുമാണ്‌ സിപിഎമ്മിന്റെ വാദം. നിലവില്‍ സിപിഐക്ക്‌ തൃക്കരിയൂരില്‍ ഒന്നും ചെറുവട്ടൂരില്‍ മൂന്നുമടക്കം നാലു സിറ്റിംഗ്‌ സീറ്റുകളാണുള്ളത്‌. സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കില്ലെന്ന്‌ അലിയാര്‍ വ്യക്തമാക്കി.

നെല്ലിക്കുഴി, തൃക്കരിയൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരേ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്‌ എം സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങിയത്‌ വോട്ടര്‍മാരില്‍ ആശക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്‌. പ്രചാരണ രംഗത്തെ തര്‍ക്കം കഴിഞ്ഞ ദിവസം പാര്‍ട്ടിപ്രവര്‍ത്തകര്‍ തമ്മിലുള്ള തെരുവുയുദ്ധത്തിനും വഴിമാറിയിരുന്നു. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ്‌ ജില്ലാ നേതൃത്വത്തിന്‌ തലവേദനയായിരിക്കുകയാണ്‌ കോതമംഗലം പഞ്ചായത്തിലെ പ്രചാരണം.