ന്യൂഡല്‍ഹി:
കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം. ബിഹാര്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചൂണ്ടികാട്ടിയാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. കോണ്‍ഗ്രസിന്‍റെ സംഘടന സംവിധാനം ദുര്‍ബലമാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. സമൂഹത്തിന്‍റെ അടിത്തട്ട് വരെ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്ന സാന്നിദ്ധ്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈനിക് ഭാസ്‌കര്‍ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബിഹാറില്‍ പാര്‍ട്ടിയുടെ ശേഷിയില്‍ കൂടുതല്‍ സീറ്റുകളില്‍ മല്‍സരിച്ചെന്നും വിമര്‍ശനം. കേരളം അടക്കം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ നേരത്തെ നേതൃത്വത്തിനെതിരെ തുറന്നടിച്ചിരുന്നു. ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചരുന്നു.
ഇതിന് പിന്നാലെ കപില്‍ സിബലിനെ പിന്തുണച്ച് കാര്‍ത്തി ചിദംബരവും രംഗത്തുവന്നിരുന്നു. ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവര്‍ത്തനത്തിനും നമുക്ക് സമയമായിരിക്കുന്നുവെന്നായിരുന്നു കാര്‍ത്തി ചിദംബരം പറഞ്ഞത്.
അതേസമയം, ബിഹാർ ഇലക്ഷനിൽ കോൺഗ്രസ്സ് നേരിട്ട കനത്ത തോൽവിയിൽ പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കപിൽ സിബലിനെതിരെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി ഇന്ന് രംഗത്ത് വന്നിതുന്നു. കോൺഗ്രസ്സിനെ വിമർശിക്കുന്നവർ മറ്റ് പാർട്ടികളിൽ പോയി ചേരുന്നതോ അല്ലെങ്കിൽ സ്വന്തമായി ഒരു പാർട്ടി തന്നെ ആരംഭിക്കുന്നതോ ആണ് ഇത്തരത്തിൽ നാണംകെട്ട പ്രവൃത്തികൾ ചെയ്യുന്നതിലും നല്ലതെന്നായിരുന്നു അധീർ രഞ്ജൻ ചൗധരി പറഞ്ഞത്.