ഡൽഹി:
ബിഹാർ ഇലക്ഷനിൽ കോൺഗ്രസ്സ് നേരിട്ട കനത്ത തോൽവിയിൽ പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കപിൽ സിബലിനെതിരെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസ്സിനെ വിമർശിക്കുന്നവർ മറ്റ് പാർട്ടികളിൽ പോയി ചേരുന്നതോ അല്ലെങ്കിൽ സ്വന്തമായി ഒരു പാർട്ടി തന്നെ ആരംഭിക്കുന്നതോ ആണ് ഇത്തരത്തിൽ നാണംകെട്ട പ്രവൃത്തികൾ ചെയ്യുന്നതിലും നല്ലതെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
വിമർശനം ഉന്നയിച്ച നേതാക്കൾ പാർട്ടി തലപ്പത്തുള്ള സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടുമൊക്കെ വളരെ അടുപ്പമുള്ള വ്യക്തികളാണ്, എന്ത് പ്രശ്നമുണ്ടെങ്കിലും അവിടെ ഉന്നയിക്കാമെന്നും ചൗധരി കൂട്ടിച്ചേർത്തു.
കൂടാതെ, കോൺഗ്രസ്സിന്റെ ഉന്നമനം ആഗ്രഹിക്കുന്ന നേതാവാണെങ്കിൽ എന്തുകൊണ്ട് ബീഹാർ ഇലക്ഷനിൽ ശക്തമായ പ്രവർത്തനം പാർട്ടിക്ക് വേണ്ടി കാഴ്ചവെച്ചില്ല?, എവിടെയായിരുന്നു ഈ നേതാവൊക്കെ ഇലക്ഷൻ സമയത്ത്?, ചൗധരി ചോദിച്ചു.
മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പരസ്യ വിമർശനങ്ങൾ കോൺഗ്രസ്സ് പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കം വരുത്തുമെന്നും ചൗധരി പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഒരു അഭിമുഖത്തിലാണ് മുതിർന്ന നേതാവായ കപിൽ സിബൽ കോൺഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചത്. ജനം കോൺഗ്രസിനെ ബിജെപിയ്ക്ക് ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നുമാണ് സിബൽ വിമർശിച്ചത്.
നേതൃത്വം ആത്മപരിശോധന നടത്തുന്നില്ല. പരാജയ കാരണം അന്വേഷിക്കുന്നതേയില്ലെന്നും സിബൽ കുറ്റപ്പെടുത്തിയിരുന്നു. പാർട്ടിയിൽ പ്രതികരിക്കാൻ വേദിയില്ലാത്തതിനാലാണ് പരസ്യപ്രതികരണങ്ങൾ നടത്തേണ്ടി വരുന്നതെന്നും സിബൽ പറഞ്ഞിരുന്നു.
കപിൽ സിബലിന്റെ പരസ്യ വിമർശനത്തിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. രാജ്യത്താകമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തരുടെ വികാരത്തെയാണ് ഇത് വേദനിപ്പിച്ചത്-ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. സോണിയാ ഗാന്ധിയുടെ കീഴില്‍ ഓരോ പ്രതിസന്ധി ഘട്ടവും പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും ഇത്തവണയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.