തിരുവനന്തപുരം:
കൊവിഡ് രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസം ഉച്ച കഴിഞ്ഞു മൂന്നു വരെ തപാല്‍ വോട്ടിന് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. ഇരു വിഭാഗങ്ങള്‍ക്കും രണ്ടു ദിവസം മുന്‍പു വരെ അപേക്ഷിക്കാന്‍ അവസരം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ കരട് രൂപത്തിനുള്ള മറുപടിയിലാണ് കമ്മീഷന്‍ മാറ്റം ആവശ്യപ്പെട്ടത്. അതേസമയം, പോളിംഗ് ബൂത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ അവസരം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കമ്മീഷന്‍ അംഗീകരിച്ചു.
ആശുപത്രികളിലും ക്വാറന്റീന്‍ കേന്ദ്രങ്ങളിലും കഴിയുന്നവര്‍ക്ക് ജില്ലാ ഭരണകൂടം സൗകര്യമൊരുക്കണം. ആരോഗ്യവകുപ്പു വഴിയാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. ഇവര്‍ക്ക് മുന്‍കൂട്ടി സര്‍ട്ടിഫിക്കെറ്റ് നല്‍കുക, പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു പിപിഇ കിറ്റ് അടക്കമുള്ളവ നല്‍കുക തുടങ്ങിയ സൗകര്യങ്ങളൊരുക്കേണ്ടതും ആരോഗ്യവകുപ്പിന്റെ ചുമതലയാണ്.
ഇതോടൊപ്പം രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ തപാല്‍ ബാലറ്റില്‍ വോട്ട് വാങ്ങി മടങ്ങുകയെന്ന നിര്‍ദേശത്തോടും കമ്മിഷന്‍ ഭാഗികമായി സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വോട്ടറുടെ അപേക്ഷ രേഖാമൂലം വാങ്ങിയാകണമെന്നാണ് കമ്മീഷന്‍ മുന്നോട്ടു വെച്ച നിര്‍ദേശം.
രോഗികളും രോഗസാധ്യതയുള്ളവരുമായവരുടെ ആദ്യപട്ടിക 10 ദിവസം മുമ്പ് ആരോഗ്യവകുപ്പ് തയാറാക്കി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുതുക്കി കളക്‌റ്റര്‍ക്കു കൈമാറാനാണ് നിര്‍ദേശം. കളക്‌റ്റര്‍, വരണാധികാരിക്ക് പട്ടിക കൈമാറുകയും ഇവരുടെ അടുത്ത് പൊലീസ് അകമ്പടിയോടെ എത്തുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ തപാല്‍ ബാലറ്റ് കൈമാറി വോട്ട് രേഖപ്പെടുത്തി വാങ്ങാനുമാണ് നിര്‍ദേശം.