Fri. Nov 22nd, 2024
ചിത്രലേഖ (Picture Credits: The Cue)

പയ്യന്നൂര്‍:

സിപിഎമ്മിന്‍റെ ജാതിവിവേചനത്തില്‍ മനംനൊന്ത് ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിക്കുകയാണെന്ന് കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ ചിത്രലേഖ. ഫെയ്സ്ബുക്കിലൂടെയാണ് സിപിഎം ബഹിഷ്കരണം നേരിട്ട ദലിത് ഓട്ടോഡ്രൈവർ കൂടിയായ ചിത്രലേഖ പാര്‍ട്ടിക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.

പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ തന്നെ നിരന്തരം ആക്രമിക്കുകയാണെന്ന് ചിത്രലേഖ ആരോപിക്കുന്നു.

”ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സിപിഎം പാര്‍ട്ടിയുടെ അക്രമങ്ങള്‍ തുടരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു. ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വര്‍ഷക്കാലത്തോളം സിപിഎമ്മിന്‍റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സിപിഎമ്മിന് മുന്നില്‍ ഇനിയും സ്വയ്‌ര്യമായി, ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സിപിഎമ്മിനെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം, സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രഹം”-ചിത്രലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം, ചിത്രലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വെെറലാവുകയാണ്. നിരവധി പേരാണ് ചിത്രലേഖയെ പിന്തുണയ്ക്കുന്ന കമന്‍റുകള്‍ പോസ്റ്റിന് താഴെ പങ്കുവെയ്ക്കുന്നത്. മറിച്ച്, കൃത്യമായി പഠിച്ച ശേഷം മാത്രം ഇസ്ലാമിലേക്ക് പോകണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ചിലര്‍ പറയുന്നുണ്ട്. മതം മാറ്റം ഒരു രാഷ്ട്രീയ നിലപാട് കൂടിയാണ് ചേര്‍ത്തുപിടിക്കുന്നുവെന്നും ചിത്രലേഖയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പറയുന്നവരുണ്ട്. ഇതിനിടെ, ചിത്രലേഖയുടെ തീരുമാനത്തെ പരിഹസിക്കുന്നവരുമുണ്ട്.

By Binsha Das

Digital Journalist at Woke Malayalam