Wed. Jan 22nd, 2025
India's covid cases decreased considerably
ഡൽഹി:

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 4 മാസങ്ങളിൽ ഇതാദ്യമായാണ് ഇത്രയും കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് മുപ്പതിനായിരത്തിൽ താഴെ കേസുകൾ എത്തുന്നത്.

രാജ്യത്താകമാനം ഇതിനോടകം 88,74,291 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 449 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,30,519 ആയി.

അതേസമയം, കൊവിഡ് മൂന്നാം ഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. 24 മണിക്കൂറിനിടെ 3,797 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 99 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് കഴിഞ്ഞ ദിവസം പ്രതിദിന കേസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്.

അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 2153, ബംഗാളില്‍ 3012, രാജസ്ഥാനില്‍ 2169 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 60 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 46,000 കടന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസുകള്‍ ഇന്നും 30,000 ആയി കുറഞ്ഞു. ആകെ രോഗികള്‍ 88 ലക്ഷമായി തുടരുന്നു.

By Arya MR