Wed. Jan 22nd, 2025
Mullappally
തിരുവനന്തപുരം:

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷ്‌ണന്റെ രാജി പിടിച്ചു നില്‍ക്കാനുള്ള വിഫലശ്രമം നടത്തി ഗതികെട്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിനീഷ്‌ കോടിയേരിക്കെതിരായ അന്വേഷണത്തിന്റെ ദിശ മനസിലാക്കിയാണ്‌ കോടിയേരിയെ മാറ്റിയത്‌.

കോടിയേരിയുടെ പിന്മാറ്റം സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ അന്ത്യത്തിന്റെ തുടക്കമാണ്‌. ഇത്‌ രാജിയാണോ അവധിയാണോയെന്ന്‌ സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണം വഴിതെറ്റിക്കാന്‍ സിപിഎമ്മും ബിജെപിയും യോഗം ചേര്‍ന്നതായി മുല്ലപ്പള്ളി ആരോപിച്ചു. കോടിയേരിയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണം.

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ്‌ മുഖംമൂടി മാത്രമാണ്‌. മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുക്കണം. അന്വേഷണ ഏജന്‍സികള്‍ക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കണം. വിലക്കുകളിലൂടെയാണ്‌ അവര്‍ പോകുന്നത്‌. രാഷ്ട്രീയ നേതൃത്വത്തിലേക്ക്‌ പല അന്വേഷണങ്ങളും എത്തുന്നില്ല.

വരുന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ്‌ റെക്കോഡ്‌ വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.