Sat. Jan 18th, 2025
Post covid clinics started working in kerala
തിരുവനന്തപുരം:

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവർത്തനമാരംഭിച്ചു. പോസ്റ്റ് കൊവിഡ്  ക്ലിനിക്കുകൾ സ്ഥാപിതമായ പ്രദേശങ്ങളിലെ കൊവിഡ് ഭേദമായ ആളുകളുടെ ഒരു പട്ടിക തയാറാക്കിയ ശേഷം എല്ലാവർക്കും കൊവിഡിനാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

ആദ്യഘട്ടമായി എല്ലാ വ്യാഴാഴ്ചയുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ ക്ലിനിക്കുകൾ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിച്ച് ഭേദമായ എല്ലാ രോഗികളെയും മാസത്തില്‍ ഒരു തവണയെങ്കിലും ഈ ക്ലിനിക്കുകളിലൂടെയോ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെയോ ടെലിഫോണ്‍ മുഖേനെയോ ബന്ധപ്പെടുകയും അവരുടെ ആരോഗ്യസ്ഥിതി മനസിലാക്കിക്കൊണ്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇതിനായി ഇത്തരം ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞു.

രോഗികളെ ഇത്തരം ക്ലിനിക്കുകളില്‍ എത്തിക്കുന്നതിന് അതാത് പ്രദേശങ്ങളിലെ ആശാ വര്‍ക്കര്‍മാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകളില്‍ ഗുരുതര രോഗലക്ഷണങ്ങളോടു കൂടി എത്തുന്നവരുടെ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ദ്വിതീയ തൃതീയ തലങ്ങളില്‍ താലൂക്ക്, ജില്ലാ, ജനറല്‍ മെഡിക്കല്‍ കോളേജുകളിലും പോസ്റ്റ് കൊവിഡ് റഫറല്‍ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ഇത്തരം ക്ലിനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ന്യൂറോളജി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ സ്‌പെഷ്യാലിറ്റികളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

By Arya MR