കൊച്ചി:
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. 56 സീറ്റുകളില്‍ സിപിഎമ്മും എട്ടെണ്ണത്തില്‍ സിപിഐയും മത്സരിക്കും. പുതുതായി എല്‍ഡിഎഫിലേക്കു കടന്നു വന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് മൂന്നു സീറ്റും സിപിഐ (എംഎല്‍) റെഡ്‌ഫ്‌ളാഗിന് ഒരു സീറ്റും നല്‍കിയിട്ടുണ്ട്.
എന്‍സിപിക്കും ജനതാദളിനും രണ്ട് സീറ്റ് വീതവും കോണ്‍ഗ്രസ് എസിനും ഐഎന്‍എല്ലിനും ഓരോ സീറ്റുമാണ് നല്‍കിയത്. ഇതോടൊപ്പം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം 17ഉം സിപിഐ അഞ്ചും സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ മാണി വിഭാഗത്തിന് രണ്ട് സീറ്റ് നല്‍കി. കേരള കോണ്‍ഗ്രസ് ബി, എന്‍സിപി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് നല്‍കി.
സീറ്റ് വിഭജനം സങ്കീര്‍ണതകളില്ലാതെ പൂര്‍ത്തീകരിച്ച് എല്‍ഡിഎഫ് മത്സരരംഗത്തിറങ്ങുമ്പോള്‍ യുഡിഎഫില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അതേ സമയം കൊച്ചി കോര്‍പ്പറേഷനില്‍ അഴിമതിരഹിത വികസന ഭരണം നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ വി ഫോര്‍ കൊച്ചി 21 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ ആറു ഡിവിഷനുകളില്‍ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയ അവര്‍ വ്യാഴാഴ്‌ച 15 സീറ്റുകളില്‍ കൂടി പ്രഖ്യാപനം നടത്തി.