Wed. Jan 22nd, 2025
Nirmala sitaraman

ന്യൂഡെല്‍ഹി:

രാജ്യത്തെ തകര്‍ന്ന സമ്പദ്‌ഘടനയെ കരപറ്റിക്കാന്‍ പുതിയ സാമ്പത്തികപായ്‌ക്കെജ്‌ പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. വഴിയോരക്കച്ചവടക്കാര്‍ക്ക്‌ വായ്‌പാ പദ്ധതിയും കൊവിഡ്‌ കാലത്ത്‌ തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രൊവിഡന്റ്‌ ഫണ്ട്‌ ഏറ്റെടുക്കലുമടക്കം ജനപ്രിയ പദ്ധതികളാണ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ പായ്‌ക്കെജില്‍ ഉള്ളത്‌.

സമ്പദ്‌ഘടന തിരിച്ചു വരുന്നതായി അവകാശപ്പെട്ട നിര്‍മല സീതാരാമന്‍, 900 കോടി രൂപ കൊവിഡ്‌ പ്രതിരോധമരുന്ന്‌ ഗവേഷണത്തിനും വികസനത്തിനുമായി ചെലവിട്ടെന്ന്‌ അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത്‌ റോസ്‌ഗര്‍ യോജ്‌ന 3.0 എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

പദ്ധതിയുടെ ഭാഗമായി കൊവിഡ്‌ തൊഴില്‍ നഷ്ടപ്പെടുത്തിയവരുടെയും 15,000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പി എഫ്‌ വിഹിതം പൂര്‍ണമായി സര്‍ക്കാര്‍ അടയ്‌ക്കും. ഇത്‌ പുതിയ തൊഴിലുകള്‍ ഉണ്ടാകുന്നതിന്‌ അനുകൂലമാകും. 10,000നു മുകളില്‍ ജീവനക്കാരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതവും അടയ്‌ക്കും. ഒക്‌റ്റോബര്‍ ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഇത്‌ നടപ്പാക്കും.

വഴിയോരക്കച്ചവടക്കാര്‍ക്ക്‌ 1373 കോടി രൂപ വായ്‌പ നല്‍കും. നഷ്ടത്തിലായ സംരംഭങ്ങള്‍ക്ക്‌ അധിക വായ്‌പാ ഗ്യാരണ്ടി നല്‍കും. ആരോഗ്യമേഖലയടക്കം 27 വിഭാഗങ്ങളെ ഉള്‍പ്പെടുത്തയാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. അഞ്ച്‌ വര്‍ഷത്തിനിടയില്‍ തിരിച്ചടയ്‌ക്കാവുന്ന ഈട്‌ രഹിത വായ്‌പയാണിത്‌. ഇവര്‍ക്ക്‌ ഒരു വര്‍ഷത്തെ മോറട്ടോറിയത്തിനു പുറമെ നാലു വര്‍ഷത്തെ തിരിച്ചടവ്‌ കാലാവധിയാണ്‌ അനുവദിക്കുക. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടി വെക്കേണ്ട തുക അഞ്ച്‌- 10 ശതമാനം വരെയെന്നത്‌ മൂന്നു ശതമാനമാക്കി.

സര്‍ക്കാരിന്റെ ലോക്ക്‌ഡൗണ്‍ നടപടികളിലൂടെ സമ്പദ്‌ഘടനയെ ശക്തമായി തിരിച്ചു കൊണ്ടുവരാനായി. ജിഎസ്‌ടി വരുമാനം 10 ശതമാനം വര്‍ധിച്ചു. ബാങ്ക്‌ വായ്‌പ 5.1 ശതമാനം ഉയര്‍ന്നു. ജിഎസ്‌ടി വരുമാനം 2022 ആകുമ്പോള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരുമെന്നും ധനമന്ത്രി പറഞ്ഞു. ഇതേവരെ ആദായനികുതിവകുപ്പ്‌ 1,32, 800 കോടി രൂപയുടെ റീഫണ്ട്‌ നല്‍കിയിട്ടുണ്ട്‌. 39.7 ലക്ഷം പേര്‍ക്ക്‌ ഈ തുക വിതരണം ചെയ്‌തു. മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശരഹിത വായ്‌പയായി അനുവദിച്ചു.

ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്‌ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്‌. 68.8 കോടി പൗരന്മാര്‍ക്ക്‌ ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.