Thu. Apr 25th, 2024
Tejashwi Yadav

പാട്ന:

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് മഹാസഖ്യം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേടിന് കൂട്ടുനിന്നുവെന്നും എന്‍ഡിഎയ്ക്ക് അനുകൂലമായാണ് കമ്മീഷന്‍ തീരുമാനമെടുത്തതെന്നും തേജസ്വി തുറന്നടിച്ചു. ബീഹാറില്‍ റീകൗണ്ടിങ് വേണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.

തപാല്‍ വോട്ടുകള്‍ വീണ്ടുമെണ്ണാതെയാണ് കമ്മീഷന്‍ വിജയികളെ പ്രഖ്യാപിച്ചത്. അസാധുവാക്കിയ പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടും എണ്ണണം എന്നും ആര്‍ജെഡി നേതാവ് തേജസ്വി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തത് മഹാസഖ്യത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് തേജസ്വി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുള്ള ആദ്യ പ്രതികരണമാണ് തേജസ്വിയുടേത്.

അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 125 സീറ്റോടെ എന്‍ഡിഎ ഭൂരിപക്ഷം നേടിയെങ്കിലും മഹാസഖ്യം പ്രതീക്ഷ കെെവിട്ടില്ല.  110 സീറ്റുകള്‍ നേടിയ മഹാസഖ്യം എന്‍ഡിഎയിലെ ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടി ഭരണം പിടിക്കാനുള്ള കരുനീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

മഹാസഖ്യത്തിന് 12 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. വിഐപി, എച്ച്എഎം പാര്‍ട്ടികള്‍ക്ക് 8 സീറ്റുകളുണ്ട്. ബാക്കി നാല് സീറ്റുകള്‍ കൂടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമുണ്ട്. ഇതിനായി അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയെയും കൂടെ കൂട്ടാന്‍ മഹാസഖ്യം ആലോചിക്കുന്നതായാണ് വിവരം

 

By Binsha Das

Digital Journalist at Woke Malayalam