Sat. Jul 12th, 2025
PM-Modi-BJP-address

ഡല്‍ഹി:
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ലഭിച്ച വിജയം കോവിഡ്‌ വിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിനുള്ള അംഗീകാരമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ്‌ മഹാമാരിക്കിടയിലും തിരഞ്ഞെടുപ്പ്‌ ജനം ആഘോഷമാക്കി. ഇതിന്‌ രാജ്യത്തെ ജനങ്ങള്‍ക്ക്‌ നന്ദി പറയുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പിലേതടക്കം തിരഞ്ഞെടുപ്പുകളില്‍ വിജയമാഘോഷിക്കാന്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പുകള്‍ സമാധാനപരമായി നടക്കുന്ന കാലം യാഥാര്‍ത്ഥ്യമായി. ബൂത്ത്‌ പിടിക്കലും റീ പോളിംഗും പഴങ്കഥയായി. കാട്ടുഭരണം തള്ളിയ ജനം ജനാധിപത്യത്തിന്റെ വികസനത്തിനായി വോട്ട്‌ ചെയ്‌തു.
കോവിഡിനെതിരായ പോരാട്ടം തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചു. ജനതാകര്‍ഫ്യു ഏര്‍പ്പെടുത്തിയതു മുതല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ജനം അംഗീകരിച്ചു.

മൂന്നു തവണ അധികാരത്തിലിരുന്നിട്ടും ബിഹാറില്‍ ബിജെപിക്കു വോട്ട്‌ കൂടി. തിരഞ്ഞെടുപ്പു വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാ എന്‍ഡിഎ പ്രവര്‍ത്തകരെയും വിജയത്തിനു ചുക്കാന്‍ പിടിച്ച ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദയെയും അഭിനന്ദിക്കുന്നു. ബിഹാറില്‍ ജെഡിയു നേതാവ്‌ നിതീഷ്‌ കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

രാജ്യ വികസനത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ രാജ്യസേവനം ഏല്‍പ്പിക്കുകയുള്ളൂവെന്ന്‌ ജനം വീണ്ടും വീണ്ടും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്‌. കുടംബാധിപത്യ പാര്‍ട്ടികള്‍ ജനാധിപത്യത്തിനു ഭീഷണിയാണ്‌. മികച്ച ഭരണമാണ്‌ ബിജെപി സര്‍ക്കാരുകളുടെ മുഖമുദ്ര. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ വികസനമായിരിക്കും പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു.