Fri. Apr 19th, 2024
sanjiv-bhatt family

റിപ്പബ്ലിക്ക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിയുടെ അറസ്‌റ്റ്‌, മാധ്യമ സ്വാതന്ത്ര്യവും സര്‍ക്കാരിന്റെ പ്രതികാരനടപടിയും സംബന്ധിച്ച്‌ ഒരുപാട്‌ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അര്‍ണാബിന്റെ അറസ്റ്റിനെ അപലപിച്ചവരില്‍ത്തന്നെ പലരും അദ്ദേഹത്തിന്റെ പ്രതിലോമരാഷ്ട്രീയത്തോടും മാധ്യമ ആക്‌റ്റിവിസത്തോടും യോജിക്കുന്നവരായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വാഴ്‌ത്തുപാട്ടുകാര്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്‌തലനും ഫാഷിസത്തിന്റെ ഇരയുമായി അദ്ദേഹത്തെ ചിത്രീകരിച്ചിരുന്നു.

ഭരണകൂടഭീകരതയ്‌ക്കിരയായി പുറംലോകം കാണാതെ തടങ്കലിലാക്കപ്പെട്ട ഗുജറാത്തിലെ ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ സഞ്‌ജീവ്‌ ഭട്ടിനോടായിരുന്നു അര്‍ണാബിനെ അവരില്‍ ചിലര്‍ താരതമ്യപ്പെടുത്തിയത്‌. എന്നാല്‍ ഇതിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്‌ സഞ്‌ജീവ്‌ ഭട്ടിന്റെ മകന്‍ ശന്തനു. തന്റെ പിതാവിനെയും അര്‍ണാബിനെയും ഒരേ പോലെ കണക്കാക്കുന്നത്‌ സഹിക്കാനാകുന്നില്ലെന്ന്‌ ശന്തനു ഫേസ്‌ ബുക്കിലൂടെ നിലപാട്‌ വ്യക്തമാക്കിയത്‌ ഇപ്പോള്‍ നവയുഗ, സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്‌.

ധീരനും സത്യസന്ധനുമായ തന്റെ പിതാവിനെ വിദ്വേഷം മാത്രം കൈമുതലായ അര്‍ണാബുമായി താരതമ്യപ്പെടുത്തി സമൂഹമാധ്യമങ്ങളിലും ടെലിവിഷനിലും ചാര്‍ച്ചകള്‍ നടക്കുന്നത്‌ ജുഗുപ്‌സാവഹമാണ്‌. നീതിപൂര്‍വ്വകമായ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ തന്നെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ ഉള്ള ചിന്ത അദ്ദേഹത്തിന്‌ തടസ്സമായിരുന്നില്ല.

വിദ്വേഷവും അക്രമവും പ്രചരിപ്പിച്ചവരുടെ പീഡനങ്ങള്‍ക്ക്‌ ഇരകളായവരുടെ നീതിക്കു വേണ്ടി പോരാടുന്നതിനായി സ്വയം സമര്‍പ്പിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന്‌ അദ്ദേഹത്തിന്റെ ചിത്രവും അര്‍ണാബിന്റെ ചിത്രവും ഒരേ പോലെ ഉയര്‍ത്തിപ്പിടിച്ചുള്ള പോസ്‌റ്റുകള്‍ കാണുന്നു. അര്‍ണാബുമായുള്ള താരതമ്യം ജനങ്ങളുടെ ഓര്‍മ്മ എത്ര തുച്ഛമാണെന്ന്‌ എന്നെ ചിന്തിപ്പിക്കുന്നു.

സത്യസന്ധനും ധീരനുമായ ഒരു പോലിസ്‌ ഉദ്യോഗസ്ഥനെ മാത്രമല്ല, ഒരു നല്ല പിതാവ്‌, ഭര്‍ത്താവ്‌, മകന്‍ സര്‍വ്വോപരി ഈ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിലെ നേരും നെറിയുമുള്ള പൗരനെയുമാണ്‌ ഇരുളിലടച്ചിരിക്കുന്നതെന്നും ശന്തനു പറയുന്നു.

30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസില്‍ തടവിലാക്കപ്പെട്ട സഞ്‌ജീവ്‌ഭട്ടിന്റെ അറസ്‌റ്റും പിരിച്ചുവിടലും ഭരണകൂടത്തിന്‍റെ പ്രതികാരനടപടിയാണെന്ന്‌ പരക്കെ വിശ്വസിക്കപ്പെടുന്നു. 2002ലെ ഗുജറാത്ത്‌ കലാപങ്ങളില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെതിരേ പ്രതികരിച്ചതിന്റെ പേരിലാണ്‌ സഞ്‌ജീവ്‌ ഭട്ട്‌ കസ്റ്റഡിയില്‍ തുടരുന്നതെന്നാണ്‌ ആരോപണം. മോദിയുടെ പങ്ക്‌ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ സത്യാവാങ്‌മൂലം നല്‍കിയതോടെയാണ്‌ സഞ്‌ജീവ്‌ ഭട്ട്‌ ബിജെപിയുടെ കണ്ണിലെ കരടായത്‌.

പല തവണ മാധ്യമങ്ങളിലൂടെ മോദിക്കെതിരേ വിമര്‍ശനമുയര്‍ത്തിയതിന്റെ പേരില്‍ നിരവധി ഭട്ടിന്‌ നിയമനടപടികള്‍ നേരിടേണ്ടി വന്നു. മോദിയെ പ്രത്യേകാന്വേഷണ സംഘം കുറ്റവിമുക്തനാക്കിയതിനു പിന്നാലെ അനുവാദമില്ലാതെ അവധിയെടുത്തതിന്റെ പേരില്‍ 2015ല്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നു പിരിച്ചു വിട്ടു. 2019ല്‍ കസ്റ്റഡിമരണക്കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന്‌ വേറെ ചില കേസുകള്‍ കൂടി ചേര്‍ത്ത്‌ കസ്റ്റഡിയിലിട്ടിരിക്കുകയാണ്‌. ഇതിനെതിരേ ശക്തമായ നിയമപോരാട്ടത്തിലാണ്‌ ശന്തനുവും അമ്മ ശ്വേതയും.