Sat. Apr 27th, 2024
Bineesh Kodiyeri
ബംഗളുരു:

കള്ളപ്പണം വെളുപ്പില്‍ക്കേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ്‌ കോടിയേരി റിമാന്‍ഡില്‍. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്‌ ചുമത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ട ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാക്കി. ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡിയുടെ വാദം അംഗീകരിച്ച ബംഗളുരു 34 അഡിഷണല്‍ സിറ്റി ആന്‍ഡ്‌ സെഷന്‍സ്‌ കോടതി 14 ദിവസത്തേക്കാണ്‌ റിമാന്‍ഡ്‌ ചെയ്‌തത്‌. ജാമ്യാപേക്ഷ 18നു പരിഗണിക്കും.

കസ്‌റ്റഡി കാലാവധി അവസാനിച്ച ബുധനാഴ്‌ച പകല്‍ 11.30ന്‌ ബിനീഷിനെ കോടതിയില്‍ ഹാജരാക്കി. ജാമ്യഹര്‍ജി പരിഗണിക്കമെന്ന ബിനീഷിന്റെ അഭിഭാഷകരുടെ ആവശ്യം അംഗീകരിക്കരുതെന്ന്‌ ഇഡി ആവശ്യപ്പെട്ടു. പ്രതിക്ക്‌ രാഷ്ട്രീ- സാമ്പത്തിക സ്വാധീനമുണ്ടെന്നു തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തിയ ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നവംബര്‍ നാലിന്‌ തിരുവനന്തപുരത്തെ ബിനീഷിന്റെ വസതിയില്‍ നടത്തിയ റെയ്‌ഡില്‍ ബന്ധുക്കള്‍ ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചതും തങ്ങളെ പോലിസ്‌ തടയാന്‍ ശ്രമിച്ചതും പരാതിയില്‍ ബാലാവകാശകമ്മിഷനെത്തിയതുമെല്ലാം ഇഡി അറിയിച്ചു. ഈ സാഹചര്യത്തിലാണ്‌ കോടതി ജാമ്യാപേക്ഷ മാറ്റി വെച്ചത്‌. വാര്‍ത്തകള്‍ നല്‍കുന്നത്‌ തടയണമെന്ന ബിനീഷിന്റെ ആവശ്യവും തള്ളി. ഇഡി കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കിലും ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിടാന്‍ കോടതി വിധിക്കുകയായിരുന്നു.

14 ദിവസമായി ഇഡി കസ്‌റ്റഡിയില്‍ കഴിയുന്ന ബിനീഷിനെ ചൊവ്വാഴ്‌ച കബണ്‍ പാര്‍ക്ക്‌ പോലിസ്‌ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. ആറാം തിയതി ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തീകരിക്കാതെ പരിഗണിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. തുടര്‍ന്നാണ്‌ കസ്‌റ്റഡികാലാവധി തീര്‍ന്ന ദിവസം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌.

ബംഗളുരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടാണ്‌ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിനെ ചോദ്യം ചെയ്‌തത്‌. ലഹരിമരുന്നുമായി പിടിയിലായ ഹോട്ടലുടമ അനൂപ്‌ മുഹമ്മദിന്റെ ബിസിനസില്‍ പണം നിക്ഷേപിച്ചതായാണ്‌ കേസ്‌. ഒക്‌റ്റോബര്‍ 28നായിരുന്നു ഇഡിയുടെ അറസ്‌റ്റ്‌. അതേസമയം ലഹരിമരുന്നു കേസില്‍ എന്‍സിബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല.