Wed. Jan 22nd, 2025
jyotiraditya Scindya- ShivrajChaouhan- Kamalnath
ഭോപ്പാല്‍:

കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള വന്‍ കൊഴിഞ്ഞുപോക്കിനെത്തുടര്‍ന്ന്‌ മധ്യപ്രദേശിലെ 28 നിയമസഭാസീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ ബിജെപിക്ക്‌ വ്യക്തമായ ലീഡ്‌ നില. ഇതോടെ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന്‌ ഉറപ്പായി. കോണ്‍ഗ്രസ്‌ ഏഴും ബിഎസ്‌പി ഒരു സീറ്റിലും ലീഡ്‌ചെയ്യുന്നു‌. ബിജെപി ഭരണത്തിലേറുമെന്ന്‌ ഉറപ്പായതോടെ കോണ്‍ഗ്രസ്‌ ക്യാംപുകള്‍ പ്രതീക്ഷ കൈവിട്ടു.

ബദ്‌നാവര്‍, സാംവെര്‍, സുവാസ്ര, ബമമോരി, അശോക്‌ നഗര്‍, മംഗോളി, മലാര, അനുപ്പുര്‍, ബയോറ തുടങ്ങിയ മണ്ഡലങ്ങളില്ലൊം ബിജെപി മുന്നേറുകയാണ്‌. ഇവിടെയെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനമാണ്‌ പാര്‍ട്ടി നടത്തുന്നത്‌. കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ ചേക്കേറിയ  ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനപ്രദേശങ്ങളില്‍ കോണ്‍ഗ്രസിന്‌ വോട്ട്‌ ചോര്‍ച്ച‌ പിടിച്ചു നിര്‍ത്താനായി. സിന്ധ്യയെ പിന്തുണച്ച്‌ 25 കോണ്‍ഗ്രസ്‌  സാമാജികരാണ്‌ പാര്‍ട്ടി വിട്ട്‌ ബിജെപിയിലെത്തിയത്‌.

മൂന്നിടത്ത്‌ എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. കുറഞ്ഞത്‌ 21 സീറ്റെങ്കിലും ബിജെപിക്കു ലഭിക്കണം. നവംബര്‍ മൂന്നിനാണ്‌ മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പു നടന്നത്‌. 70.27 ശതമാനം പോളിംഗ്‌ നടന്നു.

2019ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കമല്‍നാഥ്‌ മന്ത്രിസഭ അധികാരത്തിലെത്തിയെങ്കിലും കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ ഉപയോഗപ്പെടുത്തി കൂറുമാറ്റത്തിലൂടെ ബിജെപി അധികാരം പിടിച്ചടക്കുകയായിരുന്നു.