Wed. Jan 22nd, 2025
HR Sreenivas, bihar-chief-electoral-officer
ഡല്‍ഹി:

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മധ്യാഹ്നം വരെ എണ്ണിയത്‌ കാല്‍ ഭാഗം വോട്ടുകള്‍ മാത്രമെന്ന്‌ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫിസര്‍ എച്ച്‌ ആര്‍ ശ്രീനിവാസ്‌. 24 ശതമാനം വോട്ടുകളാണ്‌ ഒന്നരയായിട്ടും എണ്ണിത്തിട്ടപ്പെടുത്തിയതെന്നാണ്‌ തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചത്‌. പൂര്‍ണമായ തിരഞ്ഞെടുപ്പ്‌ ഫലം എപ്പോള്‍ പറയാനാകുമെന്ന്‌ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉച്ച കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പുഫലത്തിന്റെ യഥാര്‍ത്ഥ പ്രവണത അറിയാനായിട്ടില്ല. ആകെ പോള്‍ ചെയ്‌ത ഏകദേശം 4.10 കോടി വോട്ടുളില്‍ എണ്ണേണ്ടയിടത്ത്‌ 92ലക്ഷം വോട്ടുകള്‍ മാത്രമാണ്‌ എണ്ണിത്തിട്ടപ്പെടുത്താനായത്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈകിട്ട്‌ നാലോടെയാണ്‌ ആദ്യ നിര്‍ണായക സൂചന അറിയാനാകുക. രാത്രി വൈകിയേ ഫലം പ്രഖ്യാപിക്കാനാകൂവെന്നും ശ്രീനിവാസ്‌ വ്യക്തമാക്കി.

കൊവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ വോട്ടെണ്ണല്‍ മന്ദഗതിയിലായതും പോളിംഗ്‌ ബൂത്തുകള്‍ വര്‍ധിപ്പിച്ചതുമാണ്‌ കാരണം. 66 ശതമാനം ബൂത്തുകള്‍ കൂടുതലായി അനുവദിക്കേണ്ടി വന്നു. ഒരു ബൂത്തില്‍ ആയിരം പേരെ മാത്രമാണ്‌ വോട്ട്‌ ചെയ്യാന്‍ അനുവദിച്ചത്‌. അത്രയും ഇവിഎം മെഷീനുകള്‍ എണ്ണേണ്ടി വരുന്നുണ്ട്‌. സാമൂഹ്യ അകലം, സാനിറ്റൈസേഷന്‍ പോലുള്ള കൊവിഡ്‌ പ്രോട്ടോക്കാള്‍ പാലിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ്‌ തിരഞ്ഞെടുപ്പുഫലം വൈകുന്നത്‌.