മൈസൂർ:
വിവാഹത്തിന് മുമ്പ് പ്രീ വെഡ്ഡിംഗ്ഫോട്ടോഷൂട്ടുകള്‍ ഇന്ന് സാധാരണയാണ്. എന്നാല്‍ അത്തരമൊരു ഫോട്ടോഷൂട്ട് വരന്‍റെയും വധുവിന്‍റെയും ജീവനെടുത്തിരിക്കുകയാണ്. തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. ഇരുവരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
മൈസൂരുവില്‍ നിന്ന് ചില ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ തലക്കാട് എത്തിയത്. സമീപത്തെ ഒരു റിസോര്‍ട്ടിലെത്തി സംഘം ബോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്ക് മാത്രമാണ് യാത്രക്കായി ബോട്ട് നല്‍കുകയെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് സമീപത്തുണ്ടായിരുന്നു ചെറുവള്ളത്തില്‍ നദി കടക്കാന്‍ സംഘം തീരുമാനിച്ചത്.
തുടർന്ന് വള്ളത്തില്‍ കയറിയ ദമ്പതികള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. വഞ്ചിയിൽ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും കണ്ടെത്തുമ്പോഴും മരണം സംഭവിച്ചിരുന്നു.
ഇരുവര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. ഫയര്‍ ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടമുണ്ടാകാന്‍ സാധ്യതയുള്ള ഇത്തരം ചെറുവള്ളങ്ങളില്‍ യാത്ര ചെയ്യരുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് പൊലീസ് പറയുന്നു.