ചെന്നൈ:
മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്താനായി പോലും എത്തിയിട്ടില്ലെന്നും അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് സിബിഐ ഡയറക്ടർക്ക് കത്തയച്ചു.
കഴിഞ്ഞ വർഷം നവംബര്‍ ഒൻപത് ഇതേ ദിവസമാണ് മദ്രാസ് ഐഐടി ഹോസ്റ്റല്‍മുറിയില്‍ ഫാത്തിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിനു കാരണം അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ കുറിപ്പില്‍ വ്യക്തമായിരുന്നു. കോട്ടൂര്‍പുരം പോലീസ് പ്രാഥമികാന്വേഷണം നടത്തിയ കേസ് പിന്നീട് ചെന്നൈ സിറ്റി പോലീസിനുകീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോടതി ഇടപെട്ട് സിബിഐക്ക് കേസ് കൈമാറിയത്.