ന്യൂഡല്‍ഹി:
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമി ജയിലില്‍ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാനുള്ള അനുമതി തേടി മുംബൈയിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി.പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് 83 കാരനായ സ്റ്റാന്‍ സ്വാമി അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ 20 ദിവസം വേണമെന്ന് എന്‍ഐഎ വ്യക്തമാക്കിയിരിക്കുന്നത്.
പാര്‍ക്കിന്‍സണ്‍സ് ബാധിതനായതിനാല്‍ ഗ്ലാസ് കൈയില്‍ ശരിയായി പിടിക്കാന്‍ കഴിയില്ലെന്ന് ഒരു മാസത്തോളമായി തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സ്വാമി അപേക്ഷയില്‍ ചൂണ്ടികാട്ടുന്നു. ഇപ്പോള്‍ ജയില്‍ ആശുപത്രിയിലാണ് ഇദ്ദേഹം. ജയിലിന് പുറത്ത് നിന്നും സാധനങ്ങൾ കൊണ്ട് വരുന്നതിന് കോടതിയുടെ അനുമതി ആവശ്യമായ സാഹചര്യത്തിലാണ് അദ്ദേഹം അപേക്ഷ നൽകിയത്. എന്നാല്‍, ഈ ഒരു ആവശ്യത്തോട് പ്രതികരിക്കാനാണ് എന്‍ഐഎ 20 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നവംബർ 26 ന് കോടതി വീണ്ടും പരിഗണിക്കും.
മാവേയിസ്റ്റ് ബന്ധം ആരോപിച്ച് ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിന് റാഞ്ചിയിലെ ബഗൈച സോഷ്യൽ സെന്ററിൽ നിന്നാണ് എൻഐഎ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്‌തത്. ദളിത് സമൂഹങ്ങളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്റ്റാൻ സ്വാമിയ്ക്ക് നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ ആരോപണം. ഭീമകൊറേഗാവ് കേസിൽ മറ്റു പ്രതികളുമായി സമ്പർക്കം പുലർത്തിയിരുന്നതായും എൻഐഎ ആരോപിച്ചിരുന്നു.
ആരോഗ്യ അവശത ചൂണ്ടികാട്ടി അദ്ദേഹം കഴിഞ്ഞ മാസം സമര്‍പ്പിച്ച ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു. യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍ഐഎ അറിയിച്ചത്.