കൊച്ചി:
തദ്ദേശ തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയതോടെ പ്രാദേശികമായ വികസന മുരടിപ്പ് പലയിടങ്ങളിലും പ്രചാരണവിഷയമാകുകയാണ്. എന്നാല്‍ അവഗണനയ്‌ക്കെതിരേ സ്‌ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കി തെരഞ്ഞെടുപ്പ് രംഗത്ത് സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയാകുകയാണ് കൊച്ചിയിലെ പിഴലദ്വീപ്. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് നിന്ന് നഗരത്തിലെത്താന്‍ വഴിയില്ലാതെ വലഞ്ഞപ്പോള്‍ നടത്തിയ സമരമാണ് പാലം നിര്‍മിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്.
ഈ സമര വിജയത്തിന്‍റെ ആവേശത്തില്‍ നിന്നാണ് സമര സമിതി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നത്. കടമക്കുടി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശം. കൊച്ചി നഗരത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ദ്വീപ്, പരിസ്ഥിതി പ്രാധാന്യമുള്ളതും അതേ സമയം കൃഷി, മത്സ്യബന്ധനം, ടൂറിസം എന്നീ രംഗങ്ങളില്‍ വികസന സാധ്യതയുള്ളതുമായ പ്രദേശമാണ്. പ്രദേശവാസികളോടുള്ള അധികൃതരുടെ അവഗണനയ്‌ക്ക് ദ്വീപിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.
കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ദ്വീപാണിത്. 952 വീടുകളും അയ്യായിരത്തോളം ആളുകളുമാണ് ഇവിടെയുള്ളത്. പൊക്കാളിപ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശം. എന്നാല്‍ തൊട്ടടുത്ത മെട്രൊ സിറ്റിയുടെ കുതിപ്പ് കിതപ്പോടെ ഹതാശരായി നോക്കി നില്‍ക്കാനേ പിഴലക്കാര്‍ക്കു കഴിയുന്നുള്ളൂ.
വികസനമുരടിപ്പും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടാത്തതും അടിസ്ഥാന ജീവല്‍പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകാത്തതും ദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്നു. മഹാനഗരത്തിനെ തൊട്ടു കിടക്കുന്ന പിഴലയ്‌ക്ക് ഭൗമ സൂചിക ഉത്‌പന്നങ്ങളുടെ വിപണിയും വിനോദസഞ്ചാരവുമടക്കം സ്വാഭാവിക വികസന സാധ്യതകളേറെയാണ്. ഏറ്റവും വലിയ പരിമിതിയായ അടിസ്ഥാനസൗകര്യ വികസനമാണ് ഇതിനെ പിന്നോട്ടടിപ്പിക്കുന്നത്.
ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇത്തവണ കടമക്കുടി ഗ്രാമ പഞ്ചായത്തില്‍ കരമുട്ടിക്കല്‍ സമരസമിതി മൂന്നു വാര്‍ഡുകളിലേക്കും വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. സ്‌ത്രീ സംവരണ വാര്‍ഡുകളാകുമ്പോള്‍ സാധാരണ കാണാറുള്ളതു പോലെ പേരിന് മാത്രം സ്‌ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കുകയല്ല കരമുട്ടിക്കല്‍ സമരസമിതി. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപനം വരും മുമ്പേ സ്ഥാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോകുകയാണിവര്‍. ഒന്നാംഘട്ട പ്രചാരണം കഴിഞ്ഞു.
സ്‌ത്രീകളുടെ സ്വയം പര്യാപ്‌തത, മത്സ്യവിപണന മേഖല പരിഷ്‌കരിക്കുക, ഭക്ഷ്യ സ്വയം പര്യാപ്‌തത, പക്ഷികളുടെ ആവാസ കേന്ദ്രത്തെ പരിരക്ഷിക്കുക, പ്രകൃതിസൗന്ദര്യമാര്‍ന്ന കൃത്രിമവനം സൃഷ്ടിക്കുക, ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, വിദ്യാഭ്യാസസൗകര്യം വിപുലീകരിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍.
ഇതിനെല്ലാമുപരി പ്രധാന രാഷ്ട്രീയ കക്ഷികള്‍ തെറ്റായ നിലപാടുകള്‍ സ്വീകരിച്ചതു മൂലം പിഴലയുടെ വികസനം മുരടിച്ചതിനെതിരേ ശക്തമായ പ്രതിപക്ഷമെങ്കിലുമാകുകയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന്റെ ലക്ഷ്യമെന്ന് കരമുട്ടിക്കല്‍ സമരസമിതി നേതാവ് മഗ്ലിന്‍ ഫിലോമിന പറയുന്നു.
2013ല്‍ പണി തുടങ്ങിയ പിഴല- മൂലമ്പിള്ളി പാലം ജൂണ്‍ രണ്ടിനാണ് പൂര്‍ത്തീകരിച്ചു തുറന്നു കൊടുത്തത്. തൊട്ടു മുന്നില്‍കൂടി പോകുന്ന കളമശേരി- വല്ലാര്‍പാടം ദേശീയപാത 2015ല്‍ തുറന്നു കൊടുത്തിരുന്നു. എന്നാല്‍ നിരവധി സമരമുഖങ്ങള്‍ ദ്വീപ് നിവാസികള്‍ തുറന്നെങ്കിലും നീണ്ട ഏഴു വര്‍ഷം പാലം യാഥാര്‍ത്ഥ്യമായില്ല.
2018ല്‍ പ്രളയം വന്നതോടെ പണി പൂര്‍ത്തീകരിക്കാത്ത പാലത്തിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെയാണ് നാട്ടുകാര്‍ ഇതിനെതിരേ സംഘടിച്ചത്. അതോടെ, ഇരുകരയും മുട്ടാതെ നിന്നാതെ പാലം കരമുട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ജനകീയ കൂട്ടായ്‌മ രംഗത്തു വന്നു.
പാലം എത്രയും വേഗം പൂര്‍ത്തീകരിക്കുക എന്ന ഏക ലക്ഷ്യം മുന്‍നിര്‍ത്തി പിഴല കരമുട്ടിക്കല്‍ സമരസമിതിക്കു രൂപം കൊടുത്തു. മത രാഷ്ട്രീയകക്ഷിഭേദമെന്യേ ജനങ്ങള്‍ ഉണ്ടാക്കിയ കൂട്ടായ്‌മ നഗരമധ്യത്തിലേക്കും കളക്‌റ്ററുടെ ചേംബറിലേക്കും ജിഡ ഓഫിസിലേക്കും നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികളെത്തന്നെ നിര്‍ത്തി ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നത്.