Mon. Dec 23rd, 2024
maternity photoshoot viral

കൊച്ചി:

സിനിമാ രംഗങ്ങളെ വെല്ലുന്ന പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ എന്നും തരംഗമാകാറുണ്ട്. ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ടുകള്‍ എങ്ങനെ വെറെെറ്റി ആക്കാമെന്നാണ് ഇപ്പോഴത്തെ തലമുറ കല്ല്യാണം ഉറപ്പിക്കുമ്പോള്‍ മുതല്‍ ചിന്തിക്കുന്നത് എന്ന് തോന്നിപോകും. അത്രയും ക്രീയേറ്റീവായാണ് ഫോട്ടോഷൂട്ടുകള്‍. എന്നാല്‍ ഇഴുകി ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്താലോ, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാലോ അവിടെ സദാചാര ആങ്ങളമാര്‍ തെറിയഭിഷേകം നടത്താറുമുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ പോകുന്ന ഇവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറി എന്ത് കോപ്രായമാണ് കാണിക്കുന്നതെന്നാണ് സദാചാര വാദികള്‍ പറയുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായികൊണ്ടിരിക്കുന്നത് ഒരു മറ്റേര്‍ണിറ്റി (പ്രസവകാല) ഫോട്ടോഷൂട്ടാണ്. പതിവുപോലെ ഈ ഫോട്ടോയ്ക്ക് താഴേയും സഭ്യമല്ലാത്ത കമന്‍റുകളുമായി ചിലരെത്തിയിട്ടുണ്ട്. എന്നാല്‍, ഒരുപാട് പേരാണ് ഈ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുന്നത്. വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടിനെ അനുകൂലിക്കുന്നവര് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

രാജീവ്-സുജിഷ എന്നീ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘ഹൃദ്യം, മനോഹരം, സുന്ദരം’ എന്ന കുറിപ്പോടെ പല ഫെയ്സ്ബുക്ക് പേജുകളും ഫോട്ടോകള്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇതിന്‍റെ ഒരു കുറവ് കൂടിയുണ്ടായിരുന്നു അതുമായി’ എന്ന വാചകത്തോടെ ഫെമിനിസ്റ്റ് തിങ്കേഴ്സ് ,മോളിവുഡ് കണക്ട് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൊക്കെ പങ്കുവെച്ച ഫോട്ടോ ഷൂട്ടിന് താഴെ ഒരുപാട് പേര്‍ വിമര്‍ശിച്ചും അനുകൂലിച്ചും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.

”അമ്മ എന്ന രണ്ടക്ഷരത്തിന് ഒരുപാട് അർത്ഥമുണ്ട്, ഒരുപാട് വിലയും ഉണ്ട് അതിനെയൊക്കെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ഇത്തരം രീതിയിലുള്ള ന്യൂജനറേഷൻ അമ്മ എന്ന് പറയാൻ പോലും പറ്റാത്ത …….ജീവികൾ. വെറും വേഷം കെട്ട് അത്രേ പറയാൻ ഉള്ളു. എന്ത് കോപ്രായം കാണിച്ചാലും വേണ്ടില്ല പേര് കിട്ടണം” എന്നാണ് ഒരു വ്യക്തി കമന്‍റ് ചെയ്തിരിക്കുന്നത്. എന്ത് വേഷം ആയാലും അവനവന് ഇണങ്ങുന്നതാവണം എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഇങ്ങനെ വാദപ്രതിവാദങ്ങളാണ് ഈ ഫോട്ടോയ്ക്ക് താഴേ വന്നുകൊണ്ടിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam