Mon. Dec 23rd, 2024
Joe- Biden shake hands with Indian woman
വാഷിംഗ്‌ടണ്‍:

ജോ ബൈഡന്‍ അമേരിക്കന്‍പ്രസിഡന്റാകുമെന്ന്‌ ഉറപ്പായതോടെ ഇന്ത്യക്കാരടങ്ങുന്ന വലിയൊരു വിഭാഗത്തിന്‌ പ്രതീക്ഷ വാനോളം ഉയരുന്നു. പൗരത്വനയത്തിലും കുടിയേറ്റനിയമത്തിലും കാതലായ മാറ്റമാണ്‌ ഭരണമാറ്റത്തിലൂടെ പ്രതീക്ഷിക്കുന്നത്‌. പ്രൊഫഷണലുകള്‍ക്കുള്ള എച്ച്‌ വണ്‍ ബി വിസ സംവിധാനത്തില്‍ മതിയായ പരിഷ്‌കാരം വരുത്തുമെന്നും ഗ്രീന്‍ കാര്‍ഡ്‌ പരിധി ഒഴിവാക്കുമെന്നുമുള്ള പ്രഖ്യാപനമാണ്‌ സന്തോഷത്തിനു കാരണം. ട്രംപിന്റെ കുപ്രസിദ്ധമായ കുടിയേറ്റവിരുദ്ധ നയങ്ങള്‍പൊളിച്ചു പണിയുമെന്ന്‌ ഡെമോക്രാറ്റ്‌ പാര്‍ട്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്‌ ഇത്‌ ഗുണം ചെയ്യും. യുഎസ്‌ പൗരത്വം കാത്തിരിക്കുന്നത്‌ 1.1 കോടി കുടിയേറ്റക്കാരാണ്‌. വര്‍ഷാവര്‍ഷം ഒരു ലക്ഷത്തോളം കുടിയേറ്റക്കാരെ അനുവദിക്കാനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. ഗ്രീന്‍ കാര്‍ഡുകള്‍ക്കുള്ള കണ്‍ട്രി ക്വോട്ട ഒഴിവാക്കുമെന്ന്‌ കഴിഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറക്കിയ പാര്‍ട്ടി നയരേഖയില്‍ വ്യക്തമാക്കിയിരുന്നു. ഇത്‌ നിരവധി ഇന്ത്യന്‍ കുടുംബങ്ങളുടെ യുഎസ്‌ ജീവിതത്തിന്‌ വഴിയൊരുക്കും.

കുടിയേറ്റക്കാര്‍ക്ക്‌ പൗരത്വം ഉറപ്പാക്കുന്ന നിമഭേദഗതിക്കായിരിക്കും യുഎസ്‌ കോണ്‍ഗ്രസില്‍ ആദ്യ നീക്കം നടത്തുകയെന്ന്‌ ബൈഡന്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ യുവാക്കള്‍ക്കും വലിയ നേട്ടമുണ്ടാകുമെന്നാണു കരുതപ്പെടുന്നു. നൈപുണ്യ തൊഴിലുകളിലേക്ക്‌ വരുന്ന താത്‌കാലിക വിസക്കാര്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ പരിഷ്‌കരണത്തിന്റെ ഗുണഫലം സിദ്ധിക്കുക. തദ്ദേശീയര്‍ തൊഴില്‍ രഹിതരാകുന്നുവെന്ന്‌ പറഞ്ഞ്‌ ട്രംപ്‌ ഇത്തരം വിസകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്‌ വന്‍തോതില്‍ പ്രതിഷേധത്തിനു കാരണമായി.

എന്നാല്‍, യുഎസിന്റെ വളര്‍ച്ചയില്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരുടെ സംഭാവന അവഗണിക്കാനാകില്ലെന്ന പക്ഷക്കാരനാണ്‌ ബൈഡന്‍. ഇന്ത്യക്കാരെപ്പോലെ ട്രംപ്‌ അകറ്റി നിര്‍ത്തിയിരുന്ന ഇറാന്‍, സിറിയ തുടങ്ങിയ രാജ്യക്കാര്‍ക്കും സമാന പരിഗണന നല്‍കുന്ന നയമാകും ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ്‌ ഭരണകൂടം സ്വീകരിക്കുക.