Mon. Dec 23rd, 2024
Van jones
വാഷിംഗ്ടൺ:

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ച വാര്‍ത്ത പങ്കുവെയ്ക്കവേ വികാരാധീനനായി സി.എൻ.എൻ അവതാരകന്‍ വാൻ ജോൺസ്. ബൈഡന്‍റെ വിജയം വിശകലനം ചെയ്യുമ്പോള്‍ വാൻ ജോൺസിന്‍റെ ശബ്ദം ഇടറി, കണ്ണുകള്‍ നിറഞ്ഞു-

‘ഇതൊരു നല്ല ദിവസമാണ്. ഇന്ന് രക്ഷിതാവാകുക എളുപ്പമാണ്. ഒരു പിതാവാകുക എളുപ്പമാണ്. വ്യക്തിത്വമാണ് പ്രധാനം, നല്ല ഒരു വ്യക്തിയാവുകയാണ് പ്രധാനം എന്ന് മക്കളോട് പറയാം’- എന്തുകൊണ്ടാണ് വാന്‍ ജോണ്‍സ് ഇങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

“ഒരുപാടാളുകൾക്ക് ഇത് നല്ല കാര്യമാണ്. നിങ്ങൾ ഒരു മുസ്‍ലിമാണെങ്കിൽ പ്രസിഡന്‍റിന് നിങ്ങളെ ഇവിടെ ആവശ്യമില്ല എന്ന് ഭയക്കേണ്ടതില്ല. നിങ്ങളൊരു കുടിയേറ്റക്കാരനാണെങ്കിൽ നിങ്ങളുടെ കുട്ടികള്‍ തട്ടിയെടുക്കപ്പെടുമ്പോള്‍ പ്രസിഡന്‍റ് സന്തോഷിക്കുന്നോ എന്ന് ഭയക്കേണ്ടതില്ല. സ്വപ്നം കാണുന്നവരെ ഒരു കാരണവുമില്ലാതെ തിരിച്ചയക്കുമെന്ന് ഭയക്കേണ്ടതില്ല”- വാന്‍ ജോണ്‍സ് വിശദീകരിച്ചു.

“കഷ്ടത അനുഭവിച്ച ഒരുപാട് ആളുകള്‍ക്കുള്ള നീതിയാണിത്. ശ്വസിക്കാന്‍ കഴിയാത്തത് ജോർജ് ഫ്ലോയിഡിന് മാത്രമല്ല. ശ്വസിക്കാൻ കഴിയുന്നില്ലെന്ന് തോന്നുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. ഞങ്ങൾക്ക് ഇനി കുറച്ച് സമാധാനം നേടാൻ കഴിയും. വലിയ കാര്യമാണത്. പുനസജ്ജമാകാനുള്ള അവസരം”- വാന്‍ ജോണ്‍സിന്‍റെ ഹൃദയത്തില്‍ നിന്ന് വന്ന ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു