പട്‌ന:
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിവിരുദ്ധ മുന്നണിയായ മഹാസഖ്യത്തിന് സാധ്യത കല്‍പ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. സീ വോട്ടര്‍, ടൈംസ് നൗ എന്നിവ നടത്തിയ സര്‍വേകളില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവ അടങ്ങുന്ന മഹാസഖ്യം 120 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എന്നാല്‍, പ്രവചനഫലം തള്ളി എന്‍ഡിഎ നേതാക്കള്‍ രംഗത്തെത്തി.
സിഎന്‍എന്‍ ന്യൂസ് സര്‍വേ മഹാസഖ്യത്തിന് 180 സീറ്റ് വരെ പ്രവചിച്ചു. റിപ്പബ്ലിക്ക് ടിവിയുടെ ജന്‍ കീ ബാത്ത് സര്‍വെയിലും മഹാസഖ്യത്തിനാണ് മുന്‍തൂക്കം. മഹാസഖ്യം 118-138, എന്‍ഡിഎ 91-117, സിപിഐ (എംഎല്‍) 12-14
ടിവി 9 ഭാരത് വര്‍ഷ നടത്തിയ സര്‍വേയില്‍ മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്ന് പറയുന്നു. എബിപി സീ വോട്ടര്‍ സര്‍വേയനുസരിച്ച് മഹാസഖ്യത്തിന് 108 മുതല്‍ 131 സീറ്റുകള്‍ വരെ ലഭിച്ചേക്കാം.
സീ വോട്ടര്‍, ടൈംസ് നൗ ഫലങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 116ഉം ചിരാഗ് പസ്വാന്റെ ലോക് ജനശക്തി ഒന്നും മറ്റുള്ളവര്‍ ആറും സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. തൂക്കുമന്ത്രിസഭയ്‌ക്കാണ് സീ എബിപി എക്‌സിറ്റ് പോള്‍ സാധ്യത കല്‍പ്പിക്കുന്നത്.
മഹാസഖ്യം108- 131, എന്‍ഡിഎ 104-128, എല്‍ജെപി ഒന്ന്- മൂന്ന് എന്നിങ്ങനെയാണ് പ്രവചനം. ദൈനിക് ഭാസ്‌കര്‍ മാത്രമാണ് ഭരണപക്ഷമായ എന്‍ഡിഎ മുന്നണിക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎ 120-127, മഹാസഖ്യം 71-81എല്‍ജെപി- 12-23, മറ്റുള്ളവര്‍ 19- 27 എന്നാണ് അവര്‍ നല്‍കുന്ന ഫലങ്ങള്‍.
മഹാസഖ്യത്തിന് ഭൂരിപക്ഷം പ്രഖ്യാപിച്ച എക്‌സിറ്റ് പോളുകളെല്ലാം അടിസ്ഥാനരഹിതമെന്ന് ജെഡിയു പ്രതികരിച്ചു. അത്തരം വിലയിരുത്തലുകള്‍ക്ക് ഇപ്പോള്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് പാര്‍ട്ടി നിലപാട്.
ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ നേതൃത്വം കൊടുക്കുന്ന മഹാസഖ്യം, രണ്ടു ടേമില്‍ തുടര്‍ച്ചയായി ഭരണത്തിലേറിയ നിതീഷ് കുമാറിനെതിരേ ഇത്തവണ ശക്തവും കെട്ടുറപ്പുള്ളതുമായ പ്രചാരണമാണ് അഴിച്ചുവിട്ടത്.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ത്തന്നെയാണ് ഐക്യജനതാദള്‍ നേതാവായ നിതീഷ് കുമാര്‍ ഇത്തവണയും ജനവിധി തേടുന്നത്. മുഖ്യമന്ത്രി പദവിയില്‍ ഹാട്രിക് തികയ്‌ക്കാനൊരുങ്ങുന്ന അദ്ദേഹം ഇത് അവസാന തെരഞ്ഞെടുപ്പാണെന്നും ഇനി മത്സരിക്കാനില്ലെന്നും പ്രചാരണവേളയില്‍ വ്യക്തമാക്കി.
243അംഗ ബിഹാര്‍ നിയമസഭയില്‍ മൂന്നു ഘട്ടങ്ങളിലായി നടത്തിയ വോട്ടെടുപ്പ് അവസാനിച്ചു. 10നാണ് ഫലപ്രഖ്യാപനം.