കാസർഗോഡ്:
ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി കമറുദ്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും കമറുദ്ദിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായും എഎസ്പി വിവേക് കുമാർ അറിയിച്ചിരുന്നു. 77 കേസുകൾ അന്വേഷിച്ചതിന്റെ ഭാഗമായി നിക്ഷേപകരിൽ നിന്ന് 13 കോടി തട്ടിയതായാണ് കണ്ടെത്തൽ. ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് കാസർഗോഡ് എസ്പി ഓഫീസിൽ വെച്ചാണ് രേഖപ്പെടുത്തിയത്.
വഞ്ചന, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങളാണ് കമറുദ്ദിനെതിരെ ചുമത്തിയിരിക്കുന്നത്. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെയാണ് എം സി കമറുദിനെ ചോദ്യം ചെയ്ത് തുടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് കമറുദ്ദീന്റെ ബിസിനസ് പങ്കാളിയായ പൂക്കോയ തങ്ങളെയും പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗ് നിയോഗിച്ച കല്ലട്ര മായിന്‍ ഹാജിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കമറുദ്ദീനെ കാസര്‍ഗോട് എസ് പി ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ജ്വല്ലറി ഉടമയായ പൂക്കോയ തങ്ങളെയും ഉടൻ അറസ്റ്റ് ചെയ്യും. എന്നാൽ എം സി കമറുദ്ദിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമായാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ പ്രതികരിച്ചു.