Wed. Nov 6th, 2024
Donald Trump
വാഷിംഗ്‌ടണ്‍:

യുഎസ്‌ തിരഞ്ഞെടുപ്പു ഫലം നാടകീയമായി തിരിയാന്‍ തുടങ്ങിയതോടെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പ്രതികൂലമാകാന്‍ തുടങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന‌ ആരോപണവുമായി ട്രംപ്‌ രംഗത്തു വരുകയായിരുന്നു.

തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം തുടങ്ങി ആദ്യമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വിജയാഹ്ളാദം തുടങ്ങാന്‍ ആഹ്വാനം ചെയ്‌ത ട്രംപ്‌, തുടര്‍ന്ന്‌ 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ്‌ തന്റെ നില പരുങ്ങലിലായെന്ന്‌ മനസ്സിലാക്കിയത്‌. അതേത്തുടര്‍ന്ന്‌ ബുധനാഴ്‌ച രാവിലെ നടത്തിയ ആഹ്വാനം വിഴുങ്ങി, വ്യാഴാഴ്‌ച വൈകുന്നേരം പോളിംഗ്‌ സമയം കഴിഞ്ഞ്‌ ചെയ്‌ത വോട്ടുകള്‍ എണ്ണരുതെന്ന്‌ ആവശ്യപ്പെട്ടു രംഗത്തു വരുകയായിരുന്നു.

നിയമപരമായി ചെയ്‌ത വോട്ടുകള്‍ എണ്ണിയാല്‍ തന്റെ വിജയം സുനിശ്ചിതമാണെന്നും എന്നാല്‍ ഡെമോക്രാറ്റ്‌ പാര്‍ട്ടി തെരഞ്ഞെടുപ്പ്‌ വിജയം തന്നില്‍ നിന്നു തട്ടിയെടുക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ ആദ്യത്തെ ആരോപണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന്‌ വസ്‌തുതകള്‍ തെളിയിക്കുന്നു. നിലവില്‍ വോട്ടെണ്ണലില്‍ തട്ടിപ്പൊന്നും നടന്നതിനു തെളിവില്ല.

വോട്ടെണ്ണല്‍ തുടരുകയാണ്‌. വോട്ടെണ്ണിത്തീരും മുമ്പേ പ്രക്രിയയില്‍ ക്രമവിരുദ്ധത ആരോപിക്കുന്നത്‌ അനുചിതം. ഓട്ടമത്സരം തീരും മുന്‍പേ ആരും വിജയികളാകുന്നില്ലല്ലോ. പെനിസില്‍വാനിയ, അരിസോണ, ജോര്‍ജ്ജിയ, നെവാഡ, നോര്‍ത്ത്‌ കരോളിന സ്‌റ്റേറ്റുകളില്‍ സാധാരണ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന വേളയിലാണ്‌ ട്രംപ്‌ ഈ ആരോപണമുയര്‍ത്തിയതെന്ന്‌ ആലോചിക്കണം.

പോസ്‌റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ ഈ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ ദിനം വരെ അനുവാദം കിട്ടിയിരുന്നില്ലെന്നും ഇത്‌ പോളിംഗിനെ ബാധിച്ചുവെന്നുമാണ്‌ ട്രംപിന്റെ വാദം. എതിരാളികളായ ഡെമോക്രാറ്റ്‌ വോട്ടര്‍മാര്‍ കൂടുതലും പോസ്‌റ്റല്‍ വോട്ടിംഗിനെയാണ്‌ ആശ്രയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോര്‍ജ്ജിയ, പെനിസില്‍വാനിയ സംസ്ഥാനങ്ങളിലെ പോളിംഗ്‌ സ്‌റ്റേഷനുകളില്‍ നേരിട്ടു ചെയ്‌ത വോട്ടുകള്‍ ട്രംപിന്‌ അനുകൂലമായ ഫലങ്ങളാണ്‌ ആദ്യഫല സൂചനകളില്‍ പുറത്തുവന്നത്‌. എന്നാല്‍ പിന്നീട്‌ എണ്ണിയ പോസ്‌റ്റല്‍ വോട്ടുകളിലാണ്‌ ജോ ബൈഡന്‍, ട്രംപിനെ മറികടന്നത്‌. നേരിട്ടുള്ള വോട്ടുകള്‍ എണ്ണിയപ്പോള്‍ അരിസോണയിലെ ബൈഡന്റെ ലീഡിനെ തടയാനും ട്രംപിനായി. ഈ ഘട്ടങ്ങളിലെല്ലാം ട്രംപ്‌ മൗനം ദീക്ഷിച്ചു.

യുഎസ്‌ മാധ്യമം എന്‍ബിസിയുടെ കറസ്‌പോണ്ടന്റ്‌ ഡേവിഡ്‌ വാസ്‌മാന്‍ ഇതേപ്പറ്റി പറയുന്നത്‌, ട്രംപ്‌ പോസ്‌റ്റല്‍ വോട്ടിംഗിനെ കുറ്റപ്പെടുത്താന്‍ മാസങ്ങളോളം ചെലവഴിച്ചപ്പോള്‍, ഡെമോക്രാറ്റുകള്‍ ആ രീതി കൂടുതല്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചുവെന്നാണ്‌. ഇതിനെയൊരു ചതിയായൊന്നും വിലയിരുത്താന്‍ സാധ്യമല്ല.

അരിസോണയിലെ തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ മുന്‍പ്‌ ദിവസങ്ങളോളം ഫലപ്രഖ്യാപനത്തിന്‌ വേണ്ടി ക്ഷമയോടെ കാത്തിരുന്നിട്ടുണ്ട്‌. അരിസോണയിലെ ഗവര്‍ണര്‍ ഡഗ്‌ ഡ്യൂസി വോട്ടര്‍മാരുടെ കാത്തിരിപ്പിന്‌ നന്ദി പ്രകടിപ്പിച്ചതിനും കാരണവുമിതാണ്‌.

പോസ്‌റ്റല്‍ വോട്ടിംഗ്‌ യുഎസ്‌ തിരഞ്ഞെടുപ്പു സംവിധാനത്തെ നശിപ്പിച്ചുവെന്നാണ്‌ ട്രംപിന്റെ വാദം. കടുത്ത അഴിമതിയാണിത്‌. ആദ്യം തന്നെ ജയിക്കാന്‍ ആവശ്യമുള്ള വോട്ട്‌ കണക്കാക്കി, അത്‌ നേടിയെടുക്കാനുള്ള ശ്രമമാണ്‌ ഡെമോക്രാറ്റുകള്‍ നടത്തിയതെന്നും പ്രസിഡന്റ്‌ ആരോപിച്ചു. എന്നാലിത്‌ യുഎസ്‌ തിരഞ്ഞെടുപ്പിനെയാകെ സംശയമുനയില്‍ നിര്‍ത്തുന്ന വാദമാണെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു.

വ്യാപക ക്രമക്കേട്‌ നടന്നതായി ഒരു പഠനവും കണ്ടെത്തിയിട്ടില്ലെന്നു മാത്രമല്ല, പോസ്‌റ്റല്‍ വോട്ടിംഗ്‌ സുരക്ഷിതമാക്കാനും തട്ടിപ്പുകളില്‍ നിന്നു സംരക്ഷിക്കാനും നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടു താനും. ഇത്തരം പ്രക്രിയകളിലൂടെയാണ്‌ ഈ സ്റ്റേറ്റുകളില്‍ വോട്ടെണ്ണല്‍ മുന്നോട്ടു പോകുന്നത്‌. പോസ്‌റ്റല്‍ വോട്ടിംഗിന്റെ ബാലറ്റ്‌ പെട്ടികള്‍ കാണാന്‍ പറ്റുന്നില്ലെന്ന ട്രംപിന്റെ വാദം തട്ടിയകറ്റി ആ പെട്ടികളിലെ വോട്ടെണ്ണല്‍ നടക്കുകയാണെന്ന വിവരവുമെത്തി.

”ജോര്‍ജ്ജിയയിലെ വോട്ടെണ്ണല്‍ നാലു മണിക്കൂറോളം നിര്‍ത്തിവെച്ചു, പ്രദേശത്തെ ഒരു പൈപ്പ്‌ പൊട്ടിയതു കാരണമാണിത്‌. പിന്നീട്‌ അവിടെ കൃത്രിമത്വം നടന്നു കാണണം” എന്നു പറഞ്ഞ ട്രംപിന്റെ വാദങ്ങള്‍ തെറ്റെന്നു തെളിഞ്ഞു. രണ്ടു മണിക്കൂര്‍ മാത്രം തടസ്സപ്പെട്ട വോട്ടെണ്ണല്‍, സമയം കളയാതെ പുനരാരംഭിച്ചു. ഡെമോക്രാറ്റുകളാണ്‌ അവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചതെന്ന വാദവും തിരുത്തപ്പെട്ടു.

ജോര്‍ജ്ജിയയിലെ സ്‌റ്റേറ്റ്‌ സെക്രട്ടറി ബ്രാഡ്‌ റാഫെന്‍സ്‌പെര്‍ഗ്ഗര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനും ട്രംപിന്റെ നാമനിര്‍ദേശാനുസരണം നിയുക്തനുമായിരുന്നു. ജോര്‍ജ്ജിയിയില്‍ ബൈഡന്‍- ട്രംപ്‌ മത്സരം കടുത്തതാകാന്‍ കാരണവും സാധുവായ തെരഞ്ഞെടുപ്പ്‌ പ്രക്രിയയാണ്‌.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനായി ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകളനുസരിച്ചാണ്‌ തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ കൗണ്ടികളില്‍ വോട്ടെണ്ണല്‍ നടത്തുന്നതെന്ന്‌ റാഫെന്‍സ്‌പെര്‍ഗ്ഗര്‍ തന്നെ വ്യക്തമാക്കി. ഓരോ വോട്ടറുടെയും സമ്മതിദാനാവകാശം ശരിയായി വിനിയോഗിക്കപ്പെട്ടു എന്ന്‌ ഉറപ്പു വരുത്തിയെന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നതിന്‌ ഊന്നല്‍ കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞത്‌ ട്രംപിന്‌ തന്നെ തിരിച്ചടിയായി.

ഡെട്രോയ്‌റ്റിലും പെനിസില്‍വാനിയയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ തിരഞ്ഞെടുപ്പു നിരീക്ഷകരെ അനുവദിച്ചിരുന്നില്ലെന്ന്‌ അദ്ദേഹം ആരോപിച്ചു. റിപ്പബ്ലിക്കന്‍‌ പാര്‍ട്ടി നിരീക്ഷകരെ ഫിലാഡല്‍ഫിയയില്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചെങ്കിലും ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടത്തുന്നതിനെതിരേ ഉന്നയിച്ച തടസ്സവാദങ്ങള്‍ തള്ളിക്കളയുകയായിരുന്നു. രണ്ടിടത്തും നിരീക്ഷകരുണ്ടെന്നും ഡെട്രോയ്‌റ്റില്‍ പോള്‍ ചെയ്യാത്തവരുടെ എണ്ണമെടുപ്പിന്‌ 134 പാര്‍ട്ടി നിരീക്ഷകരെ അനുവദിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പോസ്‌റ്റല്‍ വോട്ടുകള്‍ ഏകപക്ഷീയമായി ഡെമോക്രാറ്റ്‌പക്ഷത്തായതെങ്ങനെയെന്നത്‌ സംശയകരമാണെന്ന്‌ ട്രംപ്‌ പ്രസ്‌താവിച്ചിരുന്നു. എന്നാല്‍ ബാലറ്റ്‌ വോട്ടിംഗിനെതിരേ പ്രചാരണമുന്നയിച്ച ട്രംപ്‌ അനുയായികളോട്‌ ബൂത്തിലെത്തി വോട്ട്‌ ചെയ്യാന്‍ ആഹ്വാനം ചെയ്‌തിരുന്നു. എന്നാല്‍ കൊവിഡ്‌ സമയത്ത്‌ കൂടുതല്‍ ഡെമോക്രാറ്റിക്‌ വോട്ടര്‍മാരും തപാല്‍ വോട്ടിനുള്ള ഓപ്‌ഷന്‍ തിരഞ്ഞെടുത്തിരുന്നു.

സ്വിംഗ്‌ സ്റ്റേറ്റുകളില്‍ തങ്ങള്‍ ജയിക്കുമെന്നും ട്രംപ്‌ അവകാശപ്പെട്ടിരുന്നു. നോര്‍ത്ത്‌ കരോലിന, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ താന്‍ ഏറെ മുന്നിലാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്‌. ഇവിടെയെല്ലായിടത്തും എതിരാളി ജോ ബൈഡന്റെ വോട്ടുകള്‍ വലിയ മാര്‍ജിനില്‍ കുറയുമെന്നുമായിരുന്നു അവകാശവാദം. ഒരു ലക്ഷം വരെ വോട്ടുകള്‍ തങ്ങള്‍ നേടിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം തെറ്റാണ്‌. ബൈഡന്‍ മിഷിഗണിലും വിസ്‌കോണ്‍സിനിലും ബൈഡന്‍ ജൈത്രയാത്ര നടത്തി.

എന്തു വന്നാലും റിപ്പബ്ലിക്കന്മാര്‍ സെനറ്റ്‌ നിലനിര്‍ത്തുമെന്നും ട്രംപ്‌ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ നേരെ വിരുദ്ധമാണ്‌ എന്‍ബിസി നടത്തുന്ന പ്രവചനം. കുറഞ്ഞത്‌ മൂന്നു സീറ്റിലെങ്കിലും വിജയിച്ചാലേ സെനറ്റ്‌ പിടിച്ചെടുക്കാന്‍ കഴിയുകയുള്ളൂ എന്നതാണ്‌ വസ്‌തുത. പ്രസിഡന്റ്‌ ആരാകുമെന്നതിനെക്കൂടി ആശ്രയിച്ചാകുമിത്‌.

സെനറ്റില്‍ തങ്ങള്‍ക്കു മത്സരമേ ഉണ്ടാകില്ലെന്നും ഔദ്ധത്യത്തോടെ ട്രംപ്‌ പ്രതികരിച്ചിരുന്നു. എന്നാല്‍ നോര്‍ത്ത്‌ കരോലിനയില്‍ റിപ്പബ്ലിക്കന്‍മാരുടെ സീറ്റ്‌ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. ഇലക്ഷനും തൊട്ടുമുന്‍പായി നോര്‍ത്ത്‌ കരോലിനയുടെ വോട്ടിംഗ്‌ മാപ്പുകള്‍ പുനര്‍നിര്‍ണയിച്ചിരുന്നു.

(യുഎസ്‌ രാഷ്ട്രീയ നിരീക്ഷകന്‍ ജേന്‍ സി ടിമ്മിന്റെ എന്‍ബിസി ന്യൂസില്‍ വന്ന ലേഖനത്തെ ആസ്‌പദമാക്കി തയാറാക്കിയ റിപ്പോര്‍ട്ട്‌)