ദുബായ്:
കിരീടം മറ്റാര്‍ക്കും വിട്ട്കൊടുക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട് നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഫെെനലിലേക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫെെനലിലേക്ക് ടിക്കറ്റെടുത്തത്. 13-ാമത് ഐപിഎല്ലില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായും മുംബെെ ഇന്ത്യന്‍ സ് മാറി.
എതിര്‍ടീമിന്‍റെ മുന്നില്‍ കൊടുങ്കാറ്റായി അവതരിച്ച ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ തന്നെയാണ് മുംബെെ ഇന്ത്യന്‍സിലെ താരം. മിന്നുംപ്രകടനമാണ് മത്രസത്തില്‍ ബുറ കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പുറത്തിരുന്ന ബുമ്ര, ഐപിഎൽ കരിയറിൽ തന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായാണ് തിരിച്ചെത്തിയത്.
ബുംറയ്‌ക്കൊപ്പം ട്രെന്‍റ് ബോള്‍ട്ട് കൂടി മികച്ച ഫോം പുറത്തെടുത്തതോടെ മുംബെെയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടിവന്നില്ല. നാല് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 14 റൺസ് വഴങ്ങി ബുംറ വീഴ്ത്തിയത് നാലു വിക്കറ്റ്. 201 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയെ ആദ്യ ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ട് വിറപ്പിച്ചു. ബോൾട്ട് രണ്ട് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം ഒൻപത് റൺസ് വഴങ്ങി രണ്ടു വിക്കറ്റാണ് വീഴ്ത്തിയത്.
തോറ്റെങ്കിലും ഡല്‍ഹിയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. എലിമിനേറ്ററില്‍ ജയിക്കുന്ന ടീമിനോട് ഏറ്റുമുട്ടി വിജയം നേടിയാല്‍ ഡല്‍ഹിയ്ക്ക് ഫൈനലില്‍ മുംബൈയോട് ഏറ്റുമുട്ടാം. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – സൺറൈസേഴ്സ് ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി ഞായറാഴ്ചയാണ് ഡൽഹിയുടെ രണ്ടാം ക്വാളിഫയർ പോരാട്ടം.